ഡൽഹിയെയും തോൽപ്പിച്ചു; ഗ്രൂപ്പ് ജേതാക്കളായി കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഡൽഹിക്കെതിരെ കേരളത്തിന് മൂന്ന് ഗോളിന്റെ മിന്നും ജയം. ഡൽഹിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്. ആദ്യ പകുതിയിലായിരുന്നു മുഴുവൻ ഗോളുകൾ നേടിയത്. 16-ാം മിനിറ്റിൽ നസീബ് റഹ്‌മാൻ ആദ്യ ഗോൾ നേടി. ശേഷം ജോസഫ് ജസ്റ്റിൻ 31-ാം മിനിറ്റിലും ടി ഷിജിൻ 40-ാം മിനിറ്റിലും ഗോൾ നേടി.
പതിവുപോലെ 5-4-1 ശൈലിയിൽ തന്നെയാണ് കോച്ച് ബിബി തോമസ് കേരളത്തെ ഇറക്കിയത്. സ്റ്റാർ, സ്ട്രൈക്കർ മുഹമ്മദ് അജ്സലിനു പകരം ടി ഷിജിനും മുഹമ്മദ് റോഷലിനു പകരം നിജോ ഗിൽബർട്ടും ആദ്യ ഇലവനിൽ ഇടംപിടിച്ചു.നേരത്തെ മൂന്ന് മത്സരങ്ങളും ജയിച്ച് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച കേരളത്തെ സംബന്ധിച്ച് സമ്മർദമില്ലാത്ത പോരാട്ടമായിരുന്നു. ജയത്തോടെ ഗ്രൂപ്പ് ജേതാക്കളായി തന്നെ ക്വാർട്ടർ ഫൈനലിലേക്ക് കേരളം മാർച്ച് ചെയ്തു. കേരളത്തിനോട് പരാജയപ്പെട്ടതോടെ ക്വാർട്ടർ പ്രവേശനത്തിന് ഡൽഹിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.
© Copyright - MTV News Kerala 2021
View Comments (0)