നടൻ അല്ലു അർജുൻ്റെ വീടുകയറി അതിക്രമം, ജനലുകളും ചെടിച്ചട്ടികളും അക്രമി സംഘം തകർത്തു; 8 പേർ അറസ്റ്റിൽ
നടൻ അല്ലു അർജുൻ്റെ ഹൈദരാബാദിലെ വീട്ടിൽക്കയറി അതിക്രമം. നടൻ്റെ വീട്ടിലേക്ക് ഇരച്ചുകയറിയ ഒരു സംഘം യുവാക്കളാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. നടൻ്റെ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി സംഘം വീട്ടിലെ ചെടിച്ചട്ടികളും ജനലുകളും തല്ലിത്തകർത്തു. തുടർന്ന് വീട്ടു വളപ്പിലെ കല്ലുകളും തക്കാളികളും ഇവർ വലിച്ചെറിഞ്ഞെന്നും റിപ്പോർട്ടുണ്ട്.
സംഭവത്തിൽ 8 പേർ അറസ്റ്റിലായി. പുഷ്പ 2 റിലീസിങ് ദിവസം തിക്കിലും തിരക്കിലും മരണപ്പെട്ട യുവതിയുടെ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ടാണ് അക്രമി സംഘം അല്ലു അർജുൻ്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്.
പുഷ്പ 2 റിലീസ് ദിനത്തിലെ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട യുവതിയുടെ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ടുള്ള മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് അക്രമി സംഘം ഇരച്ചു കയറിയത്. ഒസ്മാനിയ യൂണിവേഴ്‌സിറ്റി ജോയിൻ്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. ഡിസംബർ 4ന് ഇറങ്ങിയ പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്.
അന്നത്തെ പ്രദർശനം കാണുന്നതിനായി അല്ലു അർജുനും തിയേറ്ററിലെത്തിയിരുന്നു. ഇത് വലിയ തിക്കും തിരക്കിനും കാരണമായി. ഇതാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ യുവതിയുടെ മകനും ഗുരുതരമായി പരുക്കേറ്റിരുന്നു. കുട്ടിയിപ്പോൾ കോമയിൽ ചികിത്സയിലാണ്.
© Copyright - MTV News Kerala 2021
View Comments (0)