രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ ഒന്നും അവകാശപ്പെടാൻ ഇല്ലാത്തവരാണ് ആർഎസ്എസുകാർ, ആ ജാള്യത മറയ്ക്കാൻ അവർ ചരിത്രം തിരുത്തുന്നു; മുഖ്യമന്ത്രി
രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമരത്തിൽ ഒന്നും അവകാശപ്പെടാൻ ഇല്ലാത്തവരാണ് ആർഎസ്എസുകാരെന്നും ആ ജാള്യത മറയ്ക്കാൻ വേണ്ടിയാണ് അവർ ചരിത്രം തിരുത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമെന്നോണമാണ് രാജ്യത്തെ ആഭ്യന്തരമന്ത്രി തന്നെ അംബേദ്കറെ അപമാനിക്കുന്ന സ്ഥിതിയുണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത് ജയിലിൽ നിന്ന് പുറത്തായവരാണ് സംഘപരിവാർ നേതാക്കളെന്നും ആ നേതാവിനെ മഹത്വവൽക്കരിക്കാൻ ആണ് സംഘപരിവാർ ഇപ്പോൾ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരകാലത്ത് വേണ്ടാത്ത കാര്യത്തിന് തങ്ങളുടെ അധ്വാനം ചിലവഴിക്കരുത് എന്നായിരുന്നു ആർഎസ്എസിൻ്റെ നയം. ആർഎസ്എസിൻ്റെ തല തൊട്ടപ്പൻ തന്നെ ഇത് യുവാക്കളോട് പറഞ്ഞു. രൂഢമൂലമായി കിടക്കുന്ന ചതുർവർണ്യ മനസ്ഥിതിയാണ് സംഘപരിവാറിനുള്ളത്.
പട്ടികജാതി പട്ടികവർഗങ്ങളൊക്കെ ചാതുർവർണ്യത്തിന് പുറത്തുള്ളവരാണ്.
അവരെ മനുഷ്യരായി കാണാൻ ചാതുർവർണ്യം അംഗീകരിക്കുന്നവർക്ക് കഴിയില്ല.
സംഘപരിവാറിൻ്റെ ആ മനസ്സിന് ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. അതിൻ്റെ ഭാഗമായാണ് അംബേദ്കറെ ഇപ്പോഴും അവർ അപഹസിക്കുന്നത്. മാത്രമല്ല, ആർഎസ്എസിന് ഭരണഘടനയോട് പരമ പുച്ഛമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മതനിരപേക്ഷത രാജ്യത്തിന് വേണ്ട എന്നാണ് ആർഎസ്എസിൻ്റെ വാദം. പകരം മതാധിഷ്ഠിത രാജ്യം ആകണം ഇന്ത്യ എന്നതാണ് ആർഎസ്എസിൻ്റെ ആഗ്രഹം.
മതരാഷ്ട്രവാദം ആണ് ആർഎസ്എസ് തുടക്കം മുതൽ പറഞ്ഞത്. ഇതേ നിലപാടാണ് സ്വാതന്ത്ര്യാനന്തരം ജമാഅത്തെ ഇസ്ലാമിയും ഉന്നയിച്ചത്. സംഘപരിവാറിന് ജനാധിപത്യരീതിയോട് ബഹുമാനമില്ലെന്നും ഇന്ത്യയുടെ നിലവിലെ സ്ഥിതി പരിതാപകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)