ന്യൂഡൽഹി: ക്രൈസ്തവർ രാജ്യമെമ്പാടും അക്രമം നേരിടുന്നതിനിടെ, മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ പ്രധാനമന്ത്രി ദില്ലിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു. കർദിനാൾ പദവിയിൽ എത്തിയ മാർ ജോർജ് കൂവക്കാടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഭാരതത്തിന്റെ പുത്രൻ കർദിനാളായതിൽ രാജ്യത്തിന് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്ക ബിഷപ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സിബിസിഐയുടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് തൻ്റെ ഭാഗ്യമാണെന്നും മോദി പറഞ്ഞു.
ഇറ്റലിയിലെ ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ കാണാനുള്ള അവസരം ലഭിച്ചു. അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രണ്ട് തവണ മാർപാപ്പയെ കണ്ടു. ആത്മീയതയിലും പ്രാർഥനയിലുമൂന്നിയ ഇത്തരം കൂടിക്കാഴ്ചകൾ ജനസേവനത്തെക്കുറിച്ചുള്ള തങ്ങളുടെ സങ്കൽപത്തെ കൂടുതൽ കരുത്തുറ്റതാകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുദ്ധബാധിത അഫ്ഗാനിസ്ഥാനിൽ നിന്ന് ഫാ. അലക്സ് പ്രേംകുമാറിനെയും യെമനിൽനിന്ന് ഫാ. ടോം ഉഴുന്നാലിനെയും സുരക്ഷിതരായി തിരിച്ചെത്തിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. അന്ന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്താണ് അവരെയെല്ലാം നാട്ടിൽ തിരിച്ചെത്തിച്ചത്. ഗൾഫ് നാടുകളിൽ നഴ്സുമാർ കുടുങ്ങിയപ്പോഴും അവരെ നാട്ടിലെത്തിച്ചു. ഈ ശ്രമങ്ങളൊന്നും വെറും നയതന്ത്ര കാര്യങ്ങൾ മാത്രമായിരുന്നില്ല. മറിച്ച് വൈകാരികമായ ഉത്തരവാദിത്വമായിരുന്നുവെന്നും ഓരോ ഭാരതീയനെയും ലോകത്തിന്റെ ഏത് കോണിലായാലും എന്ത് ആപത്തിലായാലും എല്ലാ സങ്കടങ്ങളിൽനിന്നും രക്ഷിച്ച് നാട്ടിലെത്തിക്കുകയെന്നത് തങ്ങളുടെ കർത്തവ്യമാണെന്നും മോദി പറഞ്ഞു.
യേശുക്രിസ്തുവിന്റെ പാഠങ്ങൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് നൽകുന്നത്.സമൂഹത്തിൽ അക്രമങ്ങൾ നടക്കുമ്പോൾ തന്റെ ഹൃദയം വേദനിക്കുകയാണ്. ജർമ്മനിയിലേയും ശ്രീലങ്കയിലേയും പള്ളികൾക്ക് എതിരെ നടന്ന അക്രമങ്ങളെക്കുറിച്ചും മോദി പരാമർശിച്ചു. ലക്ഷ്യങ്ങൾ അതിവേഗം കൈവരിക്കുകയാണ് രാജ്യം. വികസിത ഭാരതമാണ് ഏവരുടെയും ലക്ഷ്യം. അതിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും മോദി ക്രിസ്മസ് ആശംസകളും നേർന്നു.
© Copyright - MTV News Kerala 2021
View Comments (0)