ഹമാസ് തലവനെ വധിച്ചത് ഇസ്രയേൽ തന്നെ; ഹൂതി വിമതരോടും കരുതിയിരിക്കാൻ മുന്നറിയിപ്പ്
ടെൽ അവീവ്: ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ വധിച്ചത് തങ്ങൾ തന്നെയെന്ന് സ്ഥിരീകരിച്ച് ഇസ്രയേൽ. പ്രതിരോധ മന്ത്രിയായ ഇസ്രായേൽ കട്സ് ആണ് ഹനിയ കൊല്ലപ്പെട്ടിട്ട് അഞ്ചുമാസത്തിന് ശേഷം സ്ഥിരീകരണവുമായി രംഗത്തുവന്നിരിക്കുന്നത്.
ഹമാസ് മാത്രമല്ല, ഹിസ്ബുള്ള നേതാക്കളെ വധിച്ചതും സിറിയയിലെ ബാഷർ അൽ ആസദ് ഭരണകൂടത്തെ താഴെയിറക്കാൻ സഹായിച്ചതും, ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതുമെല്ലാം തങ്ങളാണെന്നും ഇസ്രയേൽ കട്സ് പറഞ്ഞു. യെമനിലെ ഹൂതി വിമതർക്കും കടുത്ത തിരിച്ചടി നൽകുമെന്നും ഇസ്രായേൽ കട്സ് മുന്നറിയിപ്പ് നൽകി.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്. ഖത്തർ കേന്ദ്രീകരിച്ച് ഹമാസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നേതാവായിരുന്നു ഹനിയ.
ഹനിയ താമസിച്ച വീടിന് നേരെ ഉണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു. നേരത്തെ ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ഹനിയയുടെ മക്കളും പേരകുട്ടികളും അടക്കം കൊല്ലപ്പെട്ടിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)