സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ അസഹിഷ്ണുത; പ്രതിഷേധം അറിയിച്ച് പാലക്കാട് രൂപത

MTV News 0
Share:
MTV News Kerala

പാലക്കാട്: ചിറ്റൂരിലെ രണ്ട് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ അസഹിഷ്ണുതയിൽ പ്രതികരണവുമായി പാലക്കാട് രൂപത. പാലക്കാട് രൂപതയിലെ നല്ലേപ്പുള്ളി ​ഗവൺമെൻ്റ് യു പി സ്കൂളിലും തത്തമം​ഗലം ​ഗവൺമെൻ്റ് യു പി സ്കൂളിലും നടന്ന ക്രൈസ്തവ വിരുദ്ധമായ പ്രവർത്തനങ്ങളെ പാലക്കാട് രൂപത ശക്തമായി അപലപിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നുവെന്ന് പാലക്കാട് രൂപത പുറത്തിറക്കിയ വാ‍ർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഇത്തരം വർഗീയ നിലപാടുകൾ സമാധാനവും സഹോദര്യവും ഇഷ്ടപ്പെടുന്ന ജനങ്ങളെ ഭയപ്പെടുത്തുന്നുവെന്നും രൂപത പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. രണ്ട് സംഭവവും ക്രൈസ്തവർക്ക് നേരെ കരുതിക്കൂട്ടിയുള്ള ആക്രമണവും വെല്ലുവിളിയുമായി മാത്രമേ കാണാൻ കഴിയൂവെന്നും രൂപത വ്യക്തമാക്കി. ആക്രമണത്തിന് കാരണക്കാരായവരെ മാതൃകപരമായി ശിക്ഷിക്കണമെന്നും സമൂഹത്തിൽ മതസൗഹാർദം നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും രൂപത പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read:

Kerala
യൂട്യൂബർ ‘മണവാള’നെതിരെ ലുക്ക് ഔട്ട് സർക്കുലർ
കഴിഞ്ഞ ദിവസം സ്കൂളിൽ കരോൾ ആഘോഷം സംഘടിപ്പിച്ചതിന്റെ പേരിൽ വിശ്വഹിന്ദു പരിഷത്ത് പ്രവ‍ർത്തകർ പാലക്കാട് നല്ലേപ്പിള്ളി സർക്കാ‍ർ യുപി സ്കൂളിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിഎച്ച്പി പ്രവ‍ർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ മൂന്ന് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് റിമാൻഡ് ചെയ്തു. വിഎച്ച്പി ജില്ലാ സെക്രട്ടറി കെ. അനിൽകുമാർ, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധൻ എന്നിവരെയാണ് സംഭവത്തിൽ റിമാൻഡ് ചെയ്തത്.

കഴിഞ്ഞ ദിവസം സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായും പരാതി ഉയ‍ർന്നിരുന്നു. പാലക്കാട് തത്തമംഗലം ജിബിയുപി സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ച്ചയാണ് ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട് സ്ഥാപിച്ചിരുന്നു. രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് അജ്ഞാതർ തകർത്തതായി കണ്ടെത്തിയത്. ത‍ുടർന്ന് സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.

പാലക്കാട് രൂപതയിലെ നല്ലേപ്പുള്ളി ​ഗവൺമെൻ്റ് യു പി സ്കൂളിലും തത്തമം​ഗലം ​ഗവൺമെൻ്റ് യു പി സ്കൂളിലും നടന്ന ക്രൈസ്തവ വിരുദ്ധമായ പ്രവർത്തനങ്ങളെ പാലക്കാട് രൂപത ശക്തമായി അപലപിക്കുകയും രൂപതയുടെ പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നു. മതസൗഹാർ​ദ്ദത്തിന് പുകൾപെറ്റ കേരളത്തിൽ സഹിഷ്ണുത നഷ്ടപ്പെടുത്തുന്ന വർ​ഗീയ നിലപാടുകൾ സമാധാനവും സാഹോദര്യവും ഇഷ്ടപ്പെടുന്ന ജനത്തെ ഭയപ്പെടുത്തുകയാണ്. ക്രിസ്തുമസ് പരീക്ഷ അവസാനിച്ചതിന് ശേഷം അധ്യാപകരും പിടിഎയും കുഞ്ഞുങ്ങളും ചേർന്ന് ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ സ്കൂളുകളിലേയ്ക്ക് കയറിച്ചെന്ന് അവർക്ക് നേരെ ആക്രോശിക്കുകയും ഭീഷണി മുഴക്കുകയും ചെയ്ത വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരുടെ നടപടികളും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വേണ്ടി സ്കൂളിൽ ഒരുക്കിയ പുൽക്കൂട് ആരും കാണാതെ തകർത്തെറിഞ്ഞ സാമൂഹിക വിരുദ്ധരുടെ പ്രവർത്തികളും ക്രൈസ്തവതയ്ക്ക് നേരെ കരുതികൂട്ടിയുള്ള ആക്രമണവും വെല്ലുവിളിയും ആയി മാത്രമേ കാണാൻ സാധിക്കൂ. സമാനമായ ഒറ്റപ്പെട്ട മറ്റു സംഭവങ്ങളും ഈ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇതിന് കാരണക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കുകയും സമൂഹത്തിൽ മതസൗഹാർദ്ദം നിലനി‍ർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് പാലക്കാട് രൂപത ആവശ്യപ്പെടുന്നു.