മുനമ്പത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കി പ്രതിഷേധം; ജുഡീഷ്യല്‍ കമ്മീഷൻ്റെ സമാധാന സന്ദേശം
കൊച്ചി: ക്രിസ്മസ് ദിനത്തില്‍ മുനമ്പത്തെ ജനതയ്ക്ക് ജുഡീഷ്യല്‍ കമ്മീഷന്റെ സമാധാന സന്ദേശം. മുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കാനുള്ള ശുപാര്‍ശ റിപ്പോര്‍ട്ടിലുണ്ടാകുമെന്ന് ജൂഡീഷ്യല്‍ കമ്മീഷന്‍ ഉറപ്പ് നല്‍കി. ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. ജുഡീഷ്യല്‍ കമ്മീഷന്‍ ശുപാര്‍ശ അന്തിമമല്ല. അന്തിമ തീരുമാനം വഖഫ് ട്രൈബ്യൂണല്‍-കോടതിവിധികളെ ആശ്രയിച്ചിരിക്കും. അന്തിമ കോടതി വിധി മുനമ്പത്തെ ജനങ്ങള്‍ക്ക് എതിരായാല്‍ സര്‍ക്കാറിന് നിയമനിര്‍മ്മാണം പരിഗണിക്കാമെന്നും അറിയിച്ചു.
അതിനിടെ മുനമ്പം ജനത ഇന്നത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കി. ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണിവരെ മുനമ്പത്തെ മുഴുവന്‍ കുടുംബങ്ങളിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി നിരാഹാരം സംഘടിപ്പിക്കാനാണ് തീരുമാനം. ഐക്യദാര്‍ഢ്യം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് മുനമ്പത്തെത്തും. മുനമ്പം സമരം ആരംഭിച്ചിട്ട് ഇന്നേക്ക് 65 ദിവസമാവുകയാണ്. ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശ വാദങ്ങള്‍ ഉന്നയിച്ചതോടെ ആണ് റവന്യൂ അവകാശങ്ങള്‍ നേടി എടുക്കാന്‍ മുനമ്പത്ത് സമരം തുടങ്ങിയത്.
വേളാങ്കണ്ണി മാതാ പള്ളിക്ക് മുന്‍പിലെ സമര പന്തലില്‍ ഇന്നും പ്രദേശവാസികള്‍ നിരാഹാരം സമരം ഇരിക്കും. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് നിരാഹാരത്തില്‍ പങ്കെടുക്കുന്നത്. മുനമ്പത്തെ 614 കുടുംബങ്ങളുടെ ഭൂമി സംബന്ധിച്ച അവകാശങ്ങള്‍ പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടാണ് വേളാങ്കണ്ണി മാതാ പള്ളിക്ക് മുന്‍പില്‍ സമരം നടക്കുന്നത്. റവന്യു അവകാശങ്ങള്‍ പുന:സ്ഥാപിക്കുക, മുനമ്പം ഭൂമിയിലുള്ള അവകാശവാദത്തില്‍ നിന്ന് വഖഫ് ബോര്‍ഡ് നിയമപരമായി ഒഴിവാകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുനമ്പം നിവാസികളുടെ സമരം.
© Copyright - MTV News Kerala 2021
View Comments (0)