ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ അപകടം; ‘മൃദംഗ വിഷൻ’ സിഇഒ അറസ്റ്റിൽ

MTV News 0
Share:
MTV News Kerala

കൊച്ചി: ഉമാ തോമസ് എംഎൽഎ വീണ് പരിക്കേറ്റ സംഭവത്തിൽ പരിപാടി സംഘടിപ്പിച്ച ‘മൃദംഗ വിഷ’ന്റെ സിഇഒ അറസ്റ്റിൽ. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് സിഇഒ ആയ ഷമീർ അബ്ദുൽ റഹീം പിടിയിലായത്.

ഇന്നലെ വൈകീട്ടാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു. നിലവില്‍ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ് ഉമാ തോമസ് എംഎല്‍എ. തലയ്ക്ക് ഗുരുതര പരിക്കുണ്ടെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, എംഎൽഎ ഉമാ തോമസ് വീണു ഗുരുതര പരിക്കേറ്റ പരിപാടിയെച്ചൊല്ലിയുള്ള സാമ്പത്തിക ആരോപണത്തിൽ ദിവ്യ ഉണ്ണിയെ ആവശ്യമെങ്കിൽ വിളിച്ചുവരുത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. വിഷയത്തിൽ പാലാരിവട്ടം പൊലീസ് കേസ് എടുത്തിട്ടുണ്ട് എന്നും സംഘാടകർ അനുമതി എടുത്തിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

പരിപാടി സംഘടിപ്പിക്കാനായി ജിസിഡിഎ 24 നിർദേശങ്ങൾ നൽകിയിരുന്നുവെന്നും ഇതിൽ പലതും പാലിക്കപ്പെട്ടില്ല എന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. സ്വകാര്യ പരിപാടികൾക്ക് വിവിധ വകുപ്പുകളിൽ നിന്ന് അനുമതി വാങ്ങേണ്ടതാണ്. പക്ഷെ ഇവയ്‌ക്കെല്ലാം അനുമതി വാങ്ങാത്തത് ശരിയല്ല. വകുപ്പുകളുടെ വീഴ്ച അന്വേഷണ ഘട്ടത്തിൽ ആണെന്നും പിഡബ്ള്യുഡി, പൊലീസ് എന്നിവർക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

പരിപാടിക്ക് നേരെ ഉയർന്ന അനവധി സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ചും സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു. സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടില്ല എന്നും പരിപാടിയിൽ ദിവ്യ ഉണ്ണിയുടെ പങ്ക് എന്താണെന്ന് പരിശോധിക്കുമെന്നും കമ്മീഷണർ പറഞ്ഞു. വിഷയം അന്വേഷണ ഘട്ടത്തിലായതിനാൽ കൂടുതൽ വിവരങ്ങൾ കമ്മീഷണർ പുറത്തുപറഞ്ഞില്ല.