കർണാടകയിലെ എച്ച്എംപിവി സ്ഥിരീകരണം; ചൈനാ ബന്ധം ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം

MTV News 0
Share:
MTV News Kerala

ബെംഗളൂരു: കര്‍ണ്ണാടകയില്‍ സ്ഥിരീകരിച്ച എച്ച്എംപിവിയ്ക്ക് ചൈനാ ബന്ധം ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം. വൈറസ് വ്യാപന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു കൊണ്ട് ചൈന രം​ഗത്തെത്തിയിരുന്നു. ശൈത്യകാലത്തെ സാധാരണ അണുബാധ മാത്രമേയുളളൂവെന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശ്വാസകോശ അണുബാധ കുറവാണെന്നായിരുന്നു ചൈനയുടെ വിശദീകരണം.

രണ്ട് കുട്ടികള്‍ക്ക് എച്ച്എംപിവി രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനും ആശുപത്രികളില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നിര്‍ദ്ദേശങ്ങളുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും ജാഗ്രതയോടെ മുന്നോട്ടുപോകണം. ലോകാരോഗ്യ സംഘടനയോട് എച്ച്എംപിവി സംബന്ധിച്ച വിവരങ്ങള്‍ അതത് സമയത്ത് കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. സാഹചര്യങ്ങള്‍ ഐസിഎംആര്‍ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) നിരീക്ഷിച്ചുവരികയാണ്. ഗുരുതരമായ സാഹചര്യമില്ല എന്നാണ് ഇക്കാര്യത്തില്‍ ഐസിഎമ്മാറും വ്യക്തമാക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ ഉന്നതലയോഗം നടന്നു.

കര്‍ണ്ണാടകയില്‍ ഇന്ന് രണ്ട് പേർക്കാണ് എച്ച്എംപിവി സ്ഥിരീകരിച്ചതായി ഐസിഎംആര്‍ റിപ്പോര്‍ട്ട് നൽകിയിരുന്നു. മൂന്ന് മാസം പ്രായമായ പെണ്‍കുഞ്ഞിനും എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനുമാണ് രോ​ഗം സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് മൂന്ന് മാസം പ്രായമായ പെണ്‍കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിച്ചത്. സ്രവപരിശോധന റിപ്പോര്‍ട്ട് ഇപ്പോഴാണ് പുറത്ത് വന്നത്. ഇരുവരും ഒരേ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. രണ്ട് കുട്ടികള്‍ക്കും വിദേശയാത്രാ പശ്ചാത്തലമില്ല. കുട്ടികളെയും രക്ഷിതാക്കളെയും ഐസോലേഷനില്‍ പ്രവേശിപ്പിച്ചു. ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ചൈനീസ് വേരിയന്റ് ആണോ കുട്ടികള്‍ക്ക് സ്ഥിരീകരിച്ചത് എന്നത് വ്യക്തമല്ല. പരിശോധന തുടരുമെന്ന് കര്‍ണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ശക്തമായ പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളില്‍ എച്ച്എംപിവി സ്‌കീനിംഗ് നടത്തണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.