വാഹനഉടമകൾക്ക് പണം നൽകാതെ സർക്കാ‍‍ർ, ആദിവാസി വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിൽ,ഭീഷണിയായി വന്യമൃ​ഗശല്യം

MTV News 0
Share:
MTV News Kerala

ചിന്നക്കനാൽ: സംസ്ഥാനത്ത് വിദ്യാ വാഹിനി പദ്ധതി അവതാളത്തിലായതോടെ പ്രതിസന്ധിയിലായി ആദിവാസി വിദ്യാർത്ഥികളുടെ പഠനം. 184 പഞ്ചായത്തുകളിലെ ഇരുപത്തയ്യായിരത്തോളം വിദ്യാർത്ഥികളാണ് പദ്ധതിയെ ആശ്രയിക്കുന്നത്. അറുനൂറോളം സ്കൂളിലെ വിദ്യാർഥികളാണ് വിദ്യാവാഹിനിയിൽ ഉൾപ്പെട്ടിരിക്കുന്നത്. പദ്ധതി പ്രകാരം വാഹന ഉടമകൾക്ക് പണം നൽകിയിട്ട് നാലുമാസമായി. പണം കിട്ടാത്തതിനാൽ പട്ടിണിയിലാണ് തങ്ങളുടെ കുടുംബം എന്ന് ഡ്രൈവർമാർ പറയുന്നു. വാഹന ഉടമകളിൽ ഗോത്രവർഗ്ഗ മേഖലയിൽ നിന്നുള്ളവരുമുണ്ട്. പല മേഖലയിലും പണം കിട്ടാത്തതിനാൽ സർവീസ് നിർത്തി. ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ ഒരു വാഹനത്തിന് നൽകാനുണ്ട്. വാഹനസൗകര്യം ഇല്ലെങ്കിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ കഴിയില്ലെന്ന് മാതാപിതാക്കളും പറയുന്നു

1403 വാഹനങ്ങളാണ് വിദ്യാവാഹിനി പദ്ധതിക്കായി സർവീസ് നടത്തുന്നത്. ഇതിൽ 305 വാഹനങ്ങൾ പട്ടികവർഗ്ഗ മേഖലയിൽ നിന്നുള്ളവരുടേതാണ്. വാഹനങ്ങളുടെ സിസി അടയ്ക്കാനും അറ്റകുറ്റപ്പണി നടത്താനും കഴിയുന്നില്ല. പല മേഖലയിലും പണം കിട്ടാത്തതിനാൽ സർവീസ് നിർത്തി. പല ഡ്രൈവർമാരും സ്വന്തം പോക്കറ്റ് കാലിയാക്കിയും കടം വാങ്ങിയുമാണ് വാഹനങ്ങളിൽ ഇന്ധനം പോലുമടിക്കുന്നത്. വന്യമൃഗശല്യം രൂക്ഷമായി തുടരുന്നയിടങ്ങളിൽ കുട്ടികളെ സുരക്ഷിതമായി സ്കൂളിലെത്തിക്കുന്നത് ഈ വാഹനങ്ങളിലാണ്. പക്ഷേ, ഇവിടങ്ങളിൽ സർവ്വീസ് നിർത്തിയതോടെ പ്രതിസന്ധിയിലാവുകയാണ് വിദ്യാർഥികൾ. ഇടുക്കി, വയനാട് ജില്ലകളിലെ കുട്ടികൾ കാടുകൾ താണ്ടി എട്ട് മുതൽ പത്ത് കിലോമീറ്റർ ദൂരം വരെ കാൽനടയായി സ്കൂളിലെത്തേണ്ട സ്ഥിതിയാണ്.

മാങ്കുളം സ്കൂളിലെ നൂറോളം കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം എന്ന അവകാശമാണ് ഹനിക്കപ്പെട്ടത്. ചിന്നക്കനാൽ കോളനിയിലെ വിദ്യാർഥികളുടെ അവസ്ഥയും സമാനമാണ്. ഈ ഗുരുതര വീഴ്ച്ചയിൽ കണ്ണടയ്ക്കുകയാണ് ട്രൈബൽ ഡിപ്പാർട്ട്മെന്റ്. പലതവണ ഡ്രൈവർമാർ തങ്ങളുടെ ആശങ്ക ട്രൈബൽ ഡിപ്പാർട്ട്മെന്റിനെ അറിയിച്ചിട്ടും നാല് മാസം കൂടുമ്പോൾ ഒരു മാസത്തെ കുടിശ്ശികയാണ് നൽകുന്നത്. കണക്കുകളുടെ വിവരം സംബന്ധിച്ച് റിപ്പോർട്ടർ നൽകിയ വിവരാവകാശത്തിലും കൃത്യമായ മറുപടി നൽകാൻ ട്രൈബൽ ഡിപ്പാർട്ട്മെന്റ് തയ്യാറായിട്ടില്ല. എത്ര കുടിശ്ശിക ഉണ്ടെന്ന്വ്യക്തമായി പറയുന്നില്ല. ശരാശരി 10 കോടിയോളം കുടിശ്ശിക ഉണ്ടെന്നാണ് കണക്ക് കൂട്ടൽ. ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനും, വികസനത്തിനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ കോടികളുടെ പദ്ധതി കൊണ്ടുവന്നിട്ടും അതൊന്നും ഫലപ്രദമായി നടപ്പിലാക്കാൻ കഴിയാത്തത് ഗുരുതര വീഴ്ച്ചയാണ്. കുട്ടികളുടെ പഠനം എന്ന അടിസ്ഥാന ആവശ്യം പോലും നിറവേറ്റാൻ കഴിയാത്തത് തീർത്തും ആശങ്കാജനകമാണ്. സർക്കാർ അനാസ്ഥ ഒഴിവാക്കണം. ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസം എന്ന അവകാശമാണ് ഹനിക്കപ്പെടുന്നത്. 2023- 2024ലാണ് ഗോത്രവിഭാഗത്തിലെ ഡ്രൈവർമാരെ കൂടി ഉൾപ്പെടുത്തി വിദ്യാവാഹിനി പദ്ധതി കൊണ്ടുവന്നത്