ബോബി ജയിലിൽ തന്നെ; ഹൈക്കോടതി ചൊവ്വാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും

MTV News 0
Share:
MTV News Kerala

കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ചൊവ്വാഴ്ചയാണ് ജാമ്യാപേക്ഷ ഇനി പരിഗണിക്കുക. ഇത് എഫ്‌ഐആര്‍ റദ്ദാക്കാനുള്ള അപേക്ഷയല്ലെന്ന് പറഞ്ഞ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.

കീഴ്കോടതിയിൽ ഉന്നയിച്ച അതേ വാദങ്ങൾ തന്നെയാണ് ബോബിയുടെ അഭിഭാഷകൻ ഹൈക്കോടതിയിലും ഉന്നയിച്ചത്. ബോബിക്കെതിരെയുള്ളത് ഹണി റോസ് കെട്ടിച്ചമച്ച കഥയനുസരിച്ച് തയ്യാറാക്കിയ കേസെന്നും നടി വേട്ടയാടുകയാണെന്നും അഭിഭാഷകൻ പറഞ്ഞു. പരാതിക്കാരിയുടെ ആക്ഷേപങ്ങള്‍ അടിസ്ഥാന വിരുദ്ധമെന്ന് അഭിഭാഷകൻ പറഞ്ഞു. പരാതിക്കാധാരമായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ നടി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്ന് നടി തന്നെ പുകഴ്ത്തി സംസാരിച്ചു. ഇതിന് ദൃശ്യങ്ങള്‍ തന്നെ തെളിവുണ്ടെന്നും ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയിൽ വാദമുയർന്നു.

പൊലീസിന്റെ അറസ്റ്റ് നടപടി നിയമ വിരുദ്ധമെന്ന് അഭിഭാഷകൻ പറഞ്ഞു. തന്നെ തടഞ്ഞുവച്ചത് യൂണിഫോമിലല്ലാതെ എത്തിയ ഒരു സംഘം ആളുകളാണെന്നും ഇരുപത്തിനാല് മണിക്കൂറിലധികം സമയം തന്നെ നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചുവെന്നും പ്രതിഭാഗം വാദിച്ചു. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റ് ആണ് ജാമ്യാപേക്ഷയില്‍ വാദം കേട്ടതെന്നും ഇത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമെന്നും വാദിച്ച് ജാമ്യം നിഷേധിച്ച മജിസ്‌ട്രേറ്റ് കോടതിക്കെതിരെ ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ രംഗത്തുവന്നു.