പഞ്ചാബിൽ ആം ആദ്മി എംഎൽഎ വെടിയേറ്റ് മരിച്ച നിലയിൽ

MTV News 0
Share:
MTV News Kerala

ചണ്ഡീ​ഗാ‍‍‍‍‍ർഹ്: പഞ്ചാബിൽ എഎപി എംഎൽഎയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ലുധിയാന എംഎൽഎയായ ഗുർപ്രീത് ഗോഗി ബാസി(57)യെയാണ് വീട്ടിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. വെടിയേറ്റ മുറിവുകളോടെ ഗുർപ്രീത് ഗോഗിയെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്വയം വെടിവെച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പകൽ സമയത്തെ പതിവ് പരിപാടികൾക്ക് ശേഷം എംഎൽഎ ഘുമർ മണ്ഡിയിലെ വീട്ടിലേക്ക് മടങ്ങിയിരുന്നതായി എഎപി ജില്ലാ സെക്രട്ടറി പരംവീർ സിംഗ് പറഞ്ഞു. അവസാന നിമിഷങ്ങളിൽ അദ്ദേഹം കുടുംബത്തോടൊപ്പമായിരുന്നു. വെടിയൊച്ചയുടെ ശബ്ദം കേട്ട് ഭാര്യ ഡോ.സുഖ്‌ചെയിൻ കൗർ ഗോഗി വന്ന് നോക്കിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ഗുർപ്രീതിനെ കണ്ടെത്തുകയായിരുന്നു.

2024 നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോഗി തൻ്റെ അമ്മ പർവീൺ ബസ്സി സമ്മാനിച്ച സ്‌കൂട്ടറിൽ ഭാര്യയ്‌ക്കൊപ്പം നാമനിർദേശ പത്രിക സമർപ്പിക്കാൻ പോയത് ചർച്ചയായിരുന്നു. സ്കൂട്ടറിനെ തൻ്റെ ഭാഗ്യ ചിഹ്നമായി ഗോഗി കണക്കാക്കിയിരുന്നു. 2022ൽ എംഎൽഎ ആകുന്നതിന് മുൻപ് ഗോഗി രണ്ട് തവണ എംസി കൗൺസിലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോൺഗ്രസ് ജില്ലാ (അർബൻ) പ്രസിഡന്റായിരുന്ന അദ്ദേഹം 2022 ലെ വിധാൻ സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആംആദ്മി പാർട്ടിയിൽ ചേരുകയായിരുന്നു. ഇന്നലെ ലുധിയാന ബാർ അസോസിയേഷൻ സംഘടിപ്പിച്ച ലോഹ്രി ചടങ്ങിൽ വിധാൻസഭാ സ്പീക്കർ കുൽതാർ സാന്ധവാനൊപ്പം അദ്ദേഹം പങ്കെടുത്തിരുന്നു