‘ഗേറ്റ് തകർത്ത് വലിച്ചിഴച്ചു’, എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മിൽ സംഘർഷം

MTV News 0
Share:
MTV News Kerala

അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മിൽ സംഘർഷം. ബിഷപ്പ് ഹൗസിൽ പ്രാർത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാൻ പൊലീസ് ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. പ്രതിഷേധിക്കുന്ന 21 വൈദികരിൽ 4 പേരെ സസ്പെൻഡ് ചെയ്തു. ഇവരടക്കം എല്ലാവരോടും പുറത്ത് പോകാൻ അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ നിർദേശിച്ചു.

ബസിലിക്ക പള്ളിക്ക് മുൻപിലാണ് സംഭവമുണ്ടായത്. രാത്രി സമാധാനമായി കിടന്നുറങ്ങിയ വൈദികരെ വലിച്ചിഴച്ച് കൊണ്ടുവന്നുവെന്നാണ് വൈദികരുടെ ആരോപണം. ഉറങ്ങിയ വൈദികരെ കുത്തിയെഴുന്നേൽപ്പിച്ച് വസ്ത്രം പോലും മാറാൻ അനുവദിക്കാതെ കൊണ്ടുവന്നതായും, വസ്ത്രം മാറാൻ ശ്രമിച്ചവരുടെ വീഡിയോ എടുത്തതായുമാണ് വൈദികർ ആരോപിക്കുന്നത്. പ്രായമായ വൈദികർക്ക് അടക്കം മർദ്ദനമേറ്റു. ബിഷപ്പ് ഹൌസിന്റെ ഗേറ്റ് അടക്കം തല്ലിപ്പൊളിച്ചാണ് വൈദികരെ ഗേറ്റിന് സമീപത്ത് എത്തിച്ചതെന്നാണ് വൈദികർ പൊലീസിനെതിരെ ഉയർത്തുന്ന ആരോപണം. എന്തിനാണ് കൊണ്ട് പോകുന്നത് എന്ന ചോദ്യത്തിന് മറുപടി നൽകാൻ പൊലീസുകാർ തയ്യാറായില്ലെന്നും വൈദികർ ആരോപിക്കുന്നു.

കഴിഞ്ഞദിവസം സെന്റ് തോമസ് മൗണ്ടിൽ സിനഡ് സമ്മേളനം നടക്കുന്നതിനിടെ എറണാകുളം-അങ്കമാലി അതിരൂപതപക്ഷത്തെ വൈദികർ ബിഷപ്പ് ഹൗസ് കൈയേറി പ്രാർഥനാ യജ്ഞം തുടങ്ങിയിരുന്നു. ഇതിനിടയിൽ വിശ്വാസികൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബിഷപ്പ് ഹൗസിലെ 21 വൈദികരാണ് അതിരൂപതയിൽ ജനാഭിമുഖ കുർബാനപക്ഷത്തുള്ളത്. ഇവരാണ് പ്രാർഥനാ യജ്ഞം നടത്താനെത്തിയത്.