ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്ക്കും; ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ ഹൈക്കോടതി
കൊച്ചി: ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച വിധിയിൽ രൂക്ഷപരാമർശവുമായി ഹൈക്കോടതി. ബോബി ചെമ്മണ്ണൂരിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി. ബോബി ചെമ്മണ്ണൂര്‍ മറ്റുള്ളവരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ലെന്നും ശരീരത്തെ ആക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. ബോബി ചെമ്മണ്ണൂര്‍ അന്‍പതിനായിരം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. സമാന സ്വഭാവമുള്ള കുറ്റകൃത്യത്തില്‍ ഏര്‍പ്പെടരുത്, സാക്ഷികളെ സ്വാധീനിക്കരുത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസിന് കോടതിയെ സമീപിക്കാം തുടങ്ങിയ ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
വേഷത്തിലൂടെയോ രൂപത്തിലൂടെയോ ഒരാൾ സ്ത്രീയെ വിലയിരുത്തുമ്പോൾ വിലയിരുത്തപ്പെടുന്നത് സ്ത്രീയല്ല സ്വയം അയാൾ തന്നെയാണെന്നാണ് വിധിയിൽ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സ്റ്റീവ് മർബോളിയെന്ന അമേരിക്കൻ മോട്ടിവേഷൻ സ്പീക്കറെ ഉദ്ധരിച്ചാണ് കോടതിയുടെ പരാമർശം. മറ്റുള്ളവരെക്കുറിച്ച് പരാമര്‍ശം നടത്തുമ്പോള്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസ് നിലനില്‍ക്കില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും മറ്റുള്ളവരെ കുറിച്ച് അഭിപ്രായം പറയുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ഉത്തരവിൽ പരാമർശമുണ്ട്. ബോബി ചെമ്മണ്ണൂരിൻ്റെ വാക് പ്രയോഗം ദ്വയാര്‍ത്ഥത്തില്‍ തന്നെയാണെന്ന് കോടതി വ്യക്തമാക്കി. പ്രതിയുടേത് ദ്വയാര്‍ത്ഥ പ്രയോഗമാണെന്ന് ഏതൊരു മലയാളിക്കും ലളിതമായി മനസിലാകും.
ബോബി ചെമ്മണ്ണൂര്‍ മറ്റുള്ളവരുടെ വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ദ്വയാർത്ഥ പ്രയോഗം ഇല്ലെന്ന് പറയാനാകില്ലെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അധിക്ഷേപിക്കുന്നുവെന്നും കോടതി പറഞ്ഞിരുന്നു. ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന് ബി രാമന്‍പിള്ളയാണ് ഹാജരായത്.
ബോബിയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ വിടുന്നതെന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രതി നടിയെ തുടര്‍ച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമര്‍ശം നടത്തിയെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി. ഈ സംഭവം സമൂഹത്തിന് ഒരു സന്ദേശമാകണമെന്നും പ്രോസിക്യൂഷന് പറഞ്ഞിരുന്നു. എന്നാല്‍ പ്രതി റിമാന്‍ഡിലായപ്പോള്‍ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുവെന്നായിരുന്നു കോടതിയുടെ മറുപടി. ആര്‍ക്കെതിരെ എന്തും സമൂഹമാധ്യമങ്ങളില്‍ എഴുതാം എന്ന അവസ്ഥയാണെന്നും പ്രോസിക്യൂഷന് പറഞ്ഞിരുന്നു.
നേരത്തെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ബോബിയുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തുടര്‍ന്ന് ജാമ്യഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു
© Copyright - MTV News Kerala 2021
View Comments (0)