‘നാളെ മഹാസമാധി നടത്തും; സന്യാസിവര്യന്മാർ പങ്കെടുക്കും’; ഗോപൻ സ്വാമിയുടെ മകൻ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മരണപ്പെട്ട ഗോപൻ സ്വമിയുടെ മൃതദേഹം നാളെ മഹാസമാധിയിലൂടെ അടക്കം ചെയ്യുമെന്ന് മകൻ സനന്ദൻ. മഹാസമാധിയിൽ സന്യാസിവര്യന്മാർ പങ്കെടുക്കും. വൈകിട്ട് മൂന്നിനും നാലിനുമിടയിലായിരിക്കും ചടങ്ങ്. ഏത് പരിശോധനാ ഫലവും പുറത്തുവരട്ടെയെന്നും സനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
അച്ഛൻ തേജസ്സോടുകൂടി ധ്യാനത്തിലിരുന്ന് സമാധിയായതാണ്. ആ സമാധിയെ വികൃത രൂപത്തിലാക്കിയെടുത്തു. അതിൽ എനിക്കും കുടുംബത്തിനും നല്ല വിഷമമുണ്ട്. ഞങ്ങളെ കുറിച്ച് തെറ്റായ കാര്യങ്ങൾ ആരൊക്കെ കൊടുത്തിട്ടുണ്ടോ അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുകയാണ്,’ സനന്ദൻ പറഞ്ഞു.
ഗോപൻ സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നിംസ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഫോറന്‍സിക് സംഘവും പൊലീസുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലെ നിഗമനങ്ങളും ചര്‍ച്ച ചെയ്തു. ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് തന്നെ കുടുംബത്തിന് വിട്ടു നൽകുമെന്ന് പൊലീസ് അറിയിച്ചിരുന്നു.
അതേസമയം ഗോപൻ സ്വാമിയുടെ മരണം സ്വാഭാവികമെന്ന് വിലയിരുത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര എസ് എച്ച് ഒ എസ് ബി പ്രവീൺ വ്യക്തമാക്കിയിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ലഭ്യമായാൽ മാത്രമേ മരണ കാരണം വ്യക്തമാവുകയുളളു. കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യുമെന്നും എസ് എച്ച് ഒ അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കണമെങ്കിൽ ആന്തരിക അവയവങ്ങളുടെ രാസ പരിശോധനാ ഫലം ലഭിക്കണം. ഇതിന് ശേഷം മാത്രമേ മരണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന കാര്യം വ്യക്തമാകുകയുള്ളൂ.
ഇന്ന് രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്‍ സ്വാമിയുടെ മരണം ചര്‍ച്ചയായത്.
© Copyright - MTV News Kerala 2021
View Comments (0)