വിദ്യാര്‍ത്ഥികള്‍ സഹപാഠിയെ വിവസ്ത്രനാക്കിയത് റാഗിങ് തന്നെ’; റിപ്പോര്‍ട്ട് കൈമാറി

MTV News 0
Share:
MTV News Kerala

കോട്ടയം: പാലായില്‍ ഒമ്പതാം ക്ലാസുകാരനെ സഹപാഠികള്‍ ചേര്‍ന്ന് വിവസ്ത്രനാക്കിയ സംഭവം റാഗിങ്ങിന്റെ പരിധിയില്‍ വരുമെന്ന് പൊലീസ്. പാല സി ഐ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സി ഐ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനും സിഡബ്ല്യുസിക്കും ഈ റിപ്പോര്‍ട്ട് കൈമാറി. സി ഡബ്ലൂസിയും ശിശുക്ഷേമ സമിതിയും സംഭവത്തില്‍ കുട്ടിയുടെ മൊഴിയെടുത്തു.

വിദ്യാര്‍ത്ഥിയുടെ പിതാവാണ് പരാതി നല്‍കിയത്. കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. എന്നാല്‍ പുഷ്പ എന്ന തമിഴ് സിനിമയില്‍ നായകനെ നഗ്നനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ അനുകരിച്ച് വീഡിയോ എടുക്കുകയും ഇതിനായി വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് വിദ്യാര്‍ത്ഥികളുടെ മൊഴി.

കുട്ടികളുടെ മൊഴിയിലാണ് സിനിമയെ കുറിച്ച് പരാമർശം. ഏഴ് സഹപാഠികള്‍ ചേര്‍ന്ന് കുട്ടിയെ ബലമായി വിവസ്ത്രനാക്കി വീഡിയോ എടുക്കുകയായിരുന്നു. ഒന്നിലധികം തവണ ഇത് ആവര്‍ത്തിച്ചു. കുട്ടിയുടെ നഗ്‌നത കലര്‍ന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിപ്പിച്ചു എന്നാണ് പിതാവ് പാലാ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അതേ സമയം സ്‌കൂള്‍ വിഷയത്തില്‍ ഇടപെടുകയും നിയമപരമായ നടപടികള്‍ സ്വീകരിച്ചു എന്നുമാണ് നല്‍കുന്ന വിശദീകരണം.