
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ 5 മണിക്ക് ഒരുമിച്ച് സൈറൺ മുഴങ്ങി, പരിഭ്രാന്തി വേണ്ട; ‘കവചം’ സംവിധാനം നിലവിൽ വന്നു
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ ‘കവചം’ നിലവിൽ വന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളാണ് അത്യാഹിത സാഹചര്യങ്ങളിലുള്ള മുന്നറിയിപ്പ് കവചമായി പ്രവർത്തിക്കുക. കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) എന്നാണ് ഈ പദ്ധതിയുടെ പേര്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സെൻട്രൽ വാട്ടർ കമ്മീഷൻ തുടങ്ങിയ എജൻസികൾ പുറപ്പെടുവിക്കുന്ന അതിതീവ്ര ദുരന്ത മുന്നറിയിപ്പുകൾ പൊതുജനത്തെ അറിയിക്കാനാണ് ഈ സൈറൺ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. വൈകുന്നേരം അഞ്ച് മണിക്ക് തലസ്ഥാനത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
126 സ്ഥലങ്ങളിൽ സൈറണുകൾ സ്ഥാപിക്കാനാണ് ലക്ഷ്യം. അതില്‍ രണ്ട് ഘട്ടങ്ങളിലെ പരീക്ഷണം അടക്കം കഴിഞ്ഞ 91 സൈറണുകളാണ് പ്രവര്‍ത്തനം തുടങ്ങിയത്. കൂടുതല്‍ സൈറണുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്‍ട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവര്‍ത്തിക്കും. വെര്‍ച്വല്‍ ആയി ഈ റൂമുകളെയെല്ലാം ബന്ധപ്പിച്ചിട്ടുമുണ്ട്. മൊബൈൽ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും ഇപ്പോൾ ദുരന്ത മുന്നറിയിപ്പുകൾ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ADVERTISEMENT
ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. വിവിധ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ ഇതിനോടകം തന്നെ സൈറണുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഒന്നിലേറെ തവണ പരീക്ഷണങ്ങളും നടത്തി ഇവയുടെ പ്രവർത്തനക്ഷമതയും ഉറപ്പാക്കിയിട്ടുണ്ട്.
ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) തയ്യാറാക്കിയത്. 126 സൈറൺ – സ്ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന 93 വിപിഎൻ ബന്ധിത എമർജൻസി ഓപ്പറേഷൻ സെന്‍ററുകൾ, അവയുടെ ഡിസിഷൻ സപ്പോർട്ട് സോഫ്റ്റ് വെയർ, ബൃഹത്തായ ഡാറ്റാ സെന്‍റർ എന്നിവ അടങ്ങുന്ന ഈ സംവിധാനമാണ് മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിച്ചിട്ടുള്ളത്.
© Copyright - MTV News Kerala 2021
View Comments (0)