
കടുവയെ തിരയാൻ കുങ്കിയാനകളും ഡ്രോൺ അടക്കം സംവിധാനങ്ങളും; മാനന്തവാടിയിൽ യുഡിഎഫ്, എസ്ഡിപിഐ ഹർത്താൽ തുടങ്ങി
വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപെടുത്തിയ കടുവക്കായി ഇന്നു വനം വകുപ്പ് തെരച്ചിൽ ഊർജിതമാക്കും. കൂടുതൽ ആർആർടി സംഘം ഇന്ന് വനത്തിൽ തെരച്ചിൽ നടത്തും. തെർമൽ ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ തുടരും.ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക ദൗത്യ സംഘവും ഉടൻ സ്ഥലത്തെത്തും. പ്രദേശത്ത് കടുവക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. മുത്തങ്ങയിൽ നിന്നുള്ള കുങ്കിയാനകളെയും തെരച്ചിലിനായി സ്ഥലത്ത് എത്തിക്കും
കടുവയുടെ ആക്രമണത്തിൽ മരിച്ച രാധയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. രാവിലെ 11 മണിക്കായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. മാനന്തവാടി മെഡിക്കൽ കോളേജിൽ ഇന്നലെ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയിരുന്നു. വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് 6 വരെ മാനന്തവാടി മുൻസിപ്പാലിറ്റി മേഖലയിലാണ് ഹർത്താൽ. എസ്ഡിപിഐയും പ്രദേശത്ത് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാർ അവകാശപ്പെട്ടത് ആശങ്ക ആയിട്ടുണ്ട്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തുന്നുണ്ട്
© Copyright - MTV News Kerala 2021
View Comments (0)