
ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളം ജേതാക്കൾ. 28 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ഗെയിംസിൽ കേരളത്തിന്റെ ഫുട്ബോൾ സംഘം ചരിത്രം കുറിക്കുന്നത്. പത്തുപേരായി ചുരുങ്ങിയിട്ടും ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് കേരളം സുവർണനേട്ടം സ്വന്തമാക്കിയത്. 53–ാം മിനിറ്റിൽ എസ് ഗോകുലാണ് കേരളത്തിന്റെ വിജയഗോൾ നേടിയത്. ദേശീയ ഗെയിംസിൽ കേരളത്തിന്റെ മൂന്നാം സ്വർണ നേട്ടമാണിത്.
മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ ഗോൾവല ചലിപ്പിക്കാൻ കേരളം നിരവധി ശ്രമങ്ങൾ നടത്തി. എന്നാൽ ഉത്തരാഖണ്ഡ് പ്രതിരോധം ആദ്യ പകുതിയിൽ കേരളത്തിന്റെ ശ്രമങ്ങൾ വിഫലമാക്കി. രണ്ടാം പകുതിയിൽ 53-ാം മിനിറ്റിൽ കേരളം ലക്ഷ്യം കണ്ടു. എന്നാൽ 76-ാം മിനിറ്റിലാണ് കേരളത്തിന് ശക്തമായ തിരിച്ചടി ലഭിച്ചത്.
കേരളത്തിന്റെ സഫ്‍വാൻ ചുവപ്പു കാർഡ് കണ്ടു പുറത്തായി. ഇതോടെ 10 പേരുമായി അവശേഷിച്ച സമയം പ്രതിരോധിക്കണമെന്ന നിലയിലായി കേരളം. അവസാന 14 മിനിറ്റും ഒമ്പത് മിനിറ്റ് നീണ്ട ഇഞ്ച്വറി ടൈമും ഗോൾ വഴങ്ങാതെ കേരളം പ്രതിരോധിച്ചു. ഒടുവിൽ റഫറിയുടെ ലോങ് വിസിൽ മുഴങ്ങിയപ്പോൾ കേരളം സുവർണ നേട്ടം സ്വന്തമാക്കി
© Copyright - MTV News Kerala 2021
View Comments (0)