മന്ത്രിയപ്പൂപ്പനെ കുഞ്ഞുങ്ങള്‍ കണ്‍നിറയെ കണ്ടു; കോഴിക്കോട്ടെ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആഗ്രഹം നിറവേറ്റി വിദ്യാഭ്യാസ മന്ത്രി

MTV News 0
Share:
MTV News Kerala

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാഗംപാറ കൂടലില്‍ ഗവ. എൽപി സ്‌കൂളിലെ കുഞ്ഞുങ്ങളുടെ ദീർഘകാലത്തെ ആഗ്രഹമായിരുന്നു മന്ത്രിയപ്പൂപ്പനെ നേരില്‍ കാണണമെന്നത്. ഒടുവിൽ അതിന് അവസരം ഒരുക്കി ആ ആഗ്രഹം സാധിപ്പിച്ചുനൽകിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുഞ്ഞുങ്ങൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ഫോട്ടോ തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ മന്ത്രി പങ്കുവെക്കുകയും ചെയ്തു.

‘കോഴിക്കോട് ജില്ലയിലെ നാഗംപാറ കൂടലില്‍ ഗവണ്മെന്റ് LP സ്‌കൂളിലെ കുഞ്ഞുങ്ങള്‍ക്ക് ഒരാഗ്രഹം, നേരില്‍ കാണണമെന്ന്… എന്നാല്‍ അങ്ങിനെയാവട്ടെയെന്ന് ഞാനും…’ എന്നാണ് ഫോട്ടോക്ക് അദ്ദേഹം അടിക്കുറിപ്പ് നൽകിയത്. ഫേസ്ബുക്കിൽ ഈ പോസ്റ്റ് വൈറലായി.

കുട്ടികളുടെ രക്ഷിതാക്കളും പിടിഎ കമ്മിറ്റിയും പൊതുജനങ്ങളും സന്തോഷം പങ്കിട്ട് കമൻ്റുകളിലെത്തി. ഏറെ സന്തോഷം , കാണാന്‍ കഴിഞ്ഞതിലും അല്പ സമയം ഞങ്ങളോട് ചിലവഴിച്ചതിലും എന്ന് പിടിഎ കമ്മിറ്റി കുറിച്ചു. ഞാന്‍ പഠിച്ച സ്‌കൂള്‍, ആ കൂട്ടത്തില്‍ എന്റെ മോളും ഫോട്ടോയില്‍, നാഗമ്പാറ ഗവ. എല്‍ പി സ്‌കൂള്‍, ഈ യൊരു യാത്രക്ക് മുന്‍കൈ എടുത്ത അധ്യാപകര്‍ക്കും പിടിഎയ്ക്കും എന്ന് ശ്രീനാഥ് വി കെ ശ്രീ എന്ന യൂസർ കമൻ്റെഴുതി.