
കോഴിക്കോട് ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; മൂന്ന് പേർക്ക് ദാരുണാന്ത്യം
കോഴിക്കോട്: കൊയിലാണ്ടയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ മരണം മൂന്നായി. രണ്ട് സ്ത്രീകള്‍ക്ക് പിന്നാലെ ഒരു പുരുഷനാണ് മരിച്ചത്. വടക്കയില്‍ രാജന്‍ ആണ് ദാരുണമായി മരിച്ചത്. നേരത്തേ കുറവങ്ങാട് സ്വദേശികളായ അമ്മുക്കുട്ടി, ലീല എന്നിവര്‍ മരിച്ചിരുന്നു. 30 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് വിവരമുണ്ട്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്.
ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ വലിയ രീതിയില്‍ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. ഇതിനിടെ പീതാംബരൻ എന്ന ആന ഇടഞ്ഞു. ഈ ആന തൊട്ടടുത്ത് നിന്ന ഗോകുൽ എന്ന ആനയെ കുത്തുകയും രണ്ട് ആനകളും കൊമ്പ് കോർക്കുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ട് ആനകളും ഇടഞ്ഞോടി. ഇതിനിടെ ആളുകള്‍ വീണ് പോകുകയായിരുന്നു. ഉടന്‍ തന്നെ രണ്ട് ആനകളോയും പാപ്പാന്മാര്‍ എത്തി തളച്ചു. പരിക്കേറ്റവരെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പരിക്കേറ്റവര്‍
ബീന (51), കല്യാണി (68), കുട്ടിയമ്മ, വത്സല(63), രാജന്‍ (66), ശാന്ത (52), ഷീബ (52), ചന്ദ്രിക (62), അനുഷ (32), അഖില്‍ (22), പ്രദീപന്‍ (42), വത്സല (60), പത്മാവദി(68), വസുദേവ (23), മുരളി (50), ശ്രീധരന്‍ (69), ആദിത്യന്‍ (22), രവീന്ദ്രന്‍ (65), വത്സല (62), പ്രദീപ് (46), സരിത്ത് (42), മല്ലിക (62), ശാന്ത (58), നാരായണ ശര്‍മ (56), പ്രണവ് (25), അന്‍വി (10), കല്യാണി (77), പത്മനാഭന്‍ (76), അഭിഷ (27), അനുഷ (23)
© Copyright - MTV News Kerala 2021
View Comments (0)