
കൂളിങ് ഗ്ലാസ് വെച്ച് ഡാൻസ് ചെയ്തത് ഇഷ്ടപ്പെട്ടില്ല, ഒന്നാം വർഷ കോളേജ് വിദ്യാർഥിക്ക് ക്രൂരമർദനം, റാഗിങിൽ നടപടി
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ഹോളിക്രോസ് കോളേജ് ഒന്നാംവർഷ വിദ്യാർഥിക്ക് നേരെ റാഗിങ്. രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ കണ്ടാലറിയുന്ന ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒളവണ്ണ വളപ്പിൽ താനിക്കുന്നത് വീട്ടിൽ വിഷ്ണുവിനെയാണ് മൂന്നാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ, ഗൗതം കൂടാതെ കണ്ടാലറിയുന്ന മറ്റു നാലു വിദ്യാർഥികളും ചേർന്ന് പീഡിപ്പിച്ചത്. തലയ്ക്ക് പിന്നിലും വലത് കാൽ തുടയിലും പരിക്കുണ്ട്. കൂളിംഗ് ഗ്ലാസ് അഴിച്ച് മാറ്റി മർദ്ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇക്കഴിഞ്ഞ 14 ന് വൈകിട്ട് 6.45 നാണ് സംഭവം. കോളേജിലെ സാംസ്കാരിക പരിപാടിയിൽ കൂളിങ് ഗ്ലാസ് ധരിച്ച് വിഷ്ണു ഡാന്‍സ് കളിച്ചിരുന്നു. ഇതെ തുടര്‍ന്ന് വിഷ്ണവുമായി ആറംഗം സംഘം തര്‍ക്കത്തിലേര്‍പ്പെടുകയും കൂളിങ് ക്ലാസ് അഴിച്ചുമാറ്റിയശേഷം സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. ഇന്നലെ വൈകിട്ട് 5.23 നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ നടപടി സ്വീകരിച്ചെന്ന് സിസ്റ്റര്‍ ഷൈനി ജോര്‍ജ് പറഞ്ഞു. സിസി ടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയെന്നും ആറു വിദ്യാർത്ഥികളെയും സസ്പെൻഡ് ചെയ്തുവെന്നും ഷൈനി ജോര്‍ജ് പറഞ്ഞു. കോളജിൽ റാഗിങ് വിരുദ്ധ സെൽ ശക്തമാണെന്നും ആദ്യമാണ് ഇത്തരം സംഭവമെന്നും അവര്‍ പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)