കാക്കനാട് മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബത്തിൻ്റെ മരണം; അറസ്റ്റ് ഭയന്നുള്ള ആത്മഹത്യയാണോ എന്ന് സംശയം

MTV News 0
Share:
MTV News Kerala

കൊച്ചി: കാക്കനാട് മരിച്ച നിലയിൽ കണ്ടെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥൻ മനീഷ് വിജയ്, സഹോദരി ശാലിനി, മാതാവ് ശകുന്തള അഗർവാൾ എന്നിവരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് കളമശേരി മെഡിക്കൽ കോളേജിൽ നടക്കും. വിദേശത്തുള്ള സഹോദരി എത്താൻ വൈകിയതോടെയാണ് ഇന്നലെ നടത്താനിരുന്ന പോസ്റ്റ്‌മോർട്ടം മാറ്റിവെച്ചത്. അറസ്റ്റ് ഭയന്നുള്ള ആത്മഹത്യയാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട് . എന്നാൽ അമ്മ കട്ടിലിൽ മരിച്ച കിടക്കുന്നതായാണ് കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ അമ്മയുടെ മരണ കാരണം വ്യക്തമാക്കാനാവു എന്ന് പോലീസ് അറിയിച്ചു.

സഹോദരി ശാലിനിയുടെ ജോലിയുമായി ബന്ധപ്പെട്ട കേസിൽ കാക്കനാട് മരിച്ച നിലയിൽ കണ്ടെത്തിയ കസ്റ്റംസ് അഡീഷണൽ കമ്മീഷണർ മനീഷ് വിജയ്‌യുടെ കുടുംബം നിരാശയിലായിരുന്നവെന്ന് സൂചനയുണ്ട്. സഹോദരിയുടെ കേസിൻ്റെ കാര്യത്തിനായി ജാർഖണ്ഡിൽ പോകണമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മനീഷ് വിജയ് ലീവിന് അപേക്ഷിച്ചിരുന്നത്. എന്നാൽ കുടുംബം ജാർഖണ്ഡിലേയ്ക്ക് പോയിരുന്നില്ല.

മനീഷിൻ്റെ സഹോദരി ശാലിനി ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായിരുന്നു. 2006-2007 കാലത്ത് നടന്ന പരീക്ഷയിലെ റാങ്കിൻ്റെ അടിസ്ഥാനത്തിൽ ശാലിനിയ്ക്ക് ഡെപ്യൂട്ടി കളക്ടർ ആയി ജോലി ലഭിച്ചിരുന്നു. എന്നാൽ പരീക്ഷയിൽ വ്യാപകമായി ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയർന്നതോടെ ജോലി നഷ്ടമാകുകയായിരുന്നു. കേസിൽ ശാലിനിയെ സിബിഐ കോടതി വിളിപ്പിച്ചിരുന്നുവെന്നും 15നാണ് ഹാജരാകേണ്ടിയിരുന്നതെന്നും വിവരമുണ്ട്. സമൻസ് കിട്ടിയിരുന്നു എന്നു മനീഷ് വിജയുടെ സഹപ്രവർത്തകർ മൊഴി നൽകിയിട്ടുണ്ട്.

മനീഷും കുടുംബവും താമസിച്ചിരുന്ന കസ്റ്റംസിൻ്റെ ക്വാ‍ർട്ടേഴ്സിൽ നിന്ന് കുറിപ്പ് കണ്ടെത്തിയെങ്കിലും ഇതിൽ മരണ കാരണം ഉണ്ടായിരുന്നു. ഹിന്ദിയിൽ എഴുതിയ കുറിപ്പിൽ വിദേശത്തുള്ള സഹോദരിയെ വിവരം അറിയിക്കണം എന്ന് മാത്രമാണ് ഉള്ളത്. മൂന്ന് മൃതദേഹങ്ങളും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവധിയിലായിരുന്നു മനീഷ് വിജയ്. അവധി കഴിഞ്ഞിട്ടും മനീഷ് എത്താതായതോടെ സഹപ്രവർത്തകർ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ ഇന്നലെ വൈകിട്ട് സഹപ്രവർത്തകർ ക്വാർട്ടേഴ്‌സിൽ എത്തി പരിശോധിച്ചപ്പോഴാണ് മനീഷിനെയും ശാലിനിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സഹപ്രവർത്തകർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് അമ്മയേയും മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയുടെ മൃതദേഹം കട്ടിലിൽ ബെഡ് ഷീറ്റിട്ട് മൂടിയ നിലയിലായിരുന്നു. മൃതദേഹത്തിന് ചുറ്റും പൂക്കൾ വിതറിയിരുന്നു. തൊട്ടരികിൽ കുടുംബ ഫോട്ടോയുംവെച്ചിരുന്നു. മൂന്ന് പേരുടേയും മൃതദേഹങ്ങൾ പുഴുവരിച്ചിരുന്നു. മൃതദേഹങ്ങൾക്ക് നാല് മുതൽ അഞ്ച് ദിവസംവരെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.