
വെഞ്ഞാറമൂട് കൂട്ടക്കൊല; പിന്നിൽ സാമ്പത്തിക പ്രതിസന്ധി, വരുമാനം നിലച്ചിട്ടും അഫാൻ തുടർന്നത് ആഡംബര ജീവിതം
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന നിഗമനത്തിൽ പൊലീസ്. കടക്കെണിയുണ്ടായിട്ടും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചു. അഫാന്റെ പിതാവിന്റെ കടത്തിനപ്പുറം കുടുംബവും കടബാധ്യതയുണ്ടാക്കി. വരുമാനം നിലച്ചിട്ടും അഫാൻ ആഡംബര ജീവിതം തുടർന്നുവെന്നും പൊലീസ് പറയുന്നു.
കടക്കാരുടെ ശല്യം നിത്യജീവിതത്തിന് തടസമായി മാറി. പിതാവിന്റെ ബാധ്യത തീർത്ത് നാട്ടിലെത്തിക്കാൻ ബന്ധുക്കൾ നിർബന്ധിച്ചു. ബുളളറ്റ് ഉള്ളപ്പോൾ അഫാൻ പുതിയ ബൈക്ക് വാങ്ങിയതും ബന്ധുക്കൾ എതിർത്തിരുന്നു. കടക്കാരുടെ ശല്യവും ബന്ധുക്കളുടെ എതിർപ്പും ആത്മഹത്യയെന്ന തീരുമാനത്തിലെത്തിച്ചു. എന്നാൽ കൂട്ട ആത്മഹത്യയിൽ ആരെങ്കിലും രക്ഷപ്പെടുമോ എന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. വിമർശിച്ച ബന്ധുക്കളിൽ ചിലരെ വകവരുത്താനും തീരുമാനിച്ചു. ഫർസാനയുടെ സ്വർണം അഫാൻ പണയം വെച്ചിരുന്നു. താൻ മരിച്ചാൽ ഫർസാന രൂക്ഷ വിമർശനത്തിന് ഇരയാകുമെന്ന് അഫാൻ കരുതിയിരുന്നു.
വിമർശനത്തിന് ഇരയാകാതിരിക്കാൻ ഫർസാനെയെയും കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. അഫാന്റെ പ്രാഥമിക മൊഴിയും ഇക്കാര്യങ്ങൾ സാധൂകരിക്കുന്നു. അഫാനിന്റെയും മാതാവ് ഷെമിയുടെയും മൊഴിയെടുത്തതിന് ശേഷമാകും പൊലീസ് ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുക.
അഫാന്‍ കൃത്യം നടത്തുമ്പോള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അഫാന്‍ സ്റ്റേഷനിലെത്തുമ്പോള്‍ മദ്യപിച്ചിരുന്നു. രണ്ട് കൊലപാതകങ്ങള്‍ നടത്തിയ ശേഷം അഫാന്‍ ബാറിലെത്തി മദ്യം വാങ്ങിയിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റേതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നതില്‍ വ്യക്തതയില്ല. രക്തസാമ്പിള്‍ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാവൂ. ഫലം ഇന്ന് ലഭിക്കും.
തിങ്കളാഴ്ചയാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങള്‍ നടന്നതെന്നാണ് പൊലീസ് പറയുന്നത്. തലക്കേറ്റ അടിയാണ് അഞ്ചുപേരുടെയും മരണകാരണം. ചുറ്റിക കൊണ്ടാണ് തുടര്‍ച്ചയായി തലയില്‍ അടിച്ചത്.
അഞ്ചുപേരുടെയും തലയോട്ടി തകര്‍ന്നു. പെണ്‍കുട്ടിയുടെയും അനുജന്റെയും തലയില്‍ പലതവണ അടിച്ചു. പെണ്‍കുട്ടിയുടെ നെഞ്ചിലും ചുറ്റികകൊണ്ട് അടിയേറ്റിട്ടുണ്ട്. എല്ലാവരുടെയും തലയില്‍ നിരവധി ചതവുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെയും അനുജനെയും നിഷ്ഠൂരമായാണ് അഫാന്‍ കൊലപ്പെടുത്തിയത്.
© Copyright - MTV News Kerala 2021
View Comments (0)