ഉപ്പിലിട്ടത്, ദംസോഡ, മസാല സോഡ, കുലുക്കി സര്‍ബത്ത്; മഞ്ഞപ്പിത്തത്തിന് കാരണം തേടി പരിശോധനയുമായി ആരോഗ്യവകുപ്പ്

MTV News 0
Share:
MTV News Kerala

കോഴിക്കോട്: താമരശ്ശേരിയില്‍ മഞ്ഞപ്പിത്തവും മറ്റു പകര്‍ച്ചാവ്യാധികളും പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ലൈസന്‍സും കുടിവെള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റും ഇല്ലാതെ പൊടിപടലങ്ങളാല്‍ ചുറ്റപ്പെട്ട തട്ടുകടകള്‍, ഉപ്പിലിട്ടതും ജ്യൂസും വില്‍ക്കുന്ന കടകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധ നടത്തിയത്. മഞ്ഞപ്പിത്തം വ്യാപിക്കാന്‍ കാരണം ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍ കഴിച്ചതിനാലാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇത്തരം കടകളില്‍ പ്രത്യേക പരിശോധ നടത്തി.

റംസാന്‍ വ്രതം ആരംഭിച്ചതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ഉപ്പിലിട്ടത് വില്‍ക്കുന്ന കടകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഉപ്പിലിട്ട പഴവര്‍ഗങ്ങള്‍, കുലുക്കി സര്‍ബത്ത്, ദംഡോസ, മസാല സോഡ, എരിവും പുളിയും മറ്റു മസാലക്കൂട്ടുകളും ചേര്‍ത്തുള്ള പാനീയങ്ങള്‍ എന്നിവ വില്‍പന നടത്തുന്ന കടകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. രോഗഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഇത്തരം പാനീയങ്ങള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്ന വെള്ളം, കുടിച്ചതിനു ശേഷം ഗ്ലാസുകള്‍ കഴുകുന്ന രീതി എന്നിവയും ആരോഗ്യവകുപ്പ് പരിശോധിച്ചു.