
കോഴിക്കോട് നിന്ന് പാണ്ടിക്കാട്ടേക്കുള്ള ബസിൽ കയറി; ഒട്ടും പ്രതീക്ഷക്കാതെ വന്നത് പൊലീസ്; ഹാഷിഷ് ഓയിൽ പിടിച്ചു
മലപ്പുറം: ബസിൽ കടത്തുകയായിരുന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. മലപ്പുറം പാണ്ടിക്കാട് മൂരിപ്പാടത്ത് വച്ചാണ് ഇയാൾ പിടിയിലായത്. കോഴിക്കോട് നല്ലളം സ്വദേശി നവീൻ ബാബു (27) ആണ് അറസ്റ്റിലായത്. 156 ഗ്രാം ഹാഷിഷ് ഓയിൽ ഇയാളിൽ നിന്ന് കണ്ടെടുത്തു. കോഴിക്കോട് നിന്ന് പാണ്ടിക്കാട്ടേയ്ക്ക് ബസിൽ വരിമ്പോഴാണ് നവീൻ അറസ്റ്റിലായത്.
അതേസമയം, പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവുമായി യുവതിയേയും യുവാവിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 47.7 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികളായ യുവതീ യുവാവാണ് പിടിയിലായത്. പശ്ചിമബംഗാൾ ഹൂഗ്ലി സ്വദേശികളായ സജൽ ഹൽദർ, ലൗലി മാലാകർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മൂന്ന് ട്രോളി ബാഗിലാക്കിയ കഞ്ചാവാണ് പിടിച്ചെടുത്തത്.
പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും, റെയിൽവേ പൊലീസ് ഡാൻസാഫ് സ്ക്വാഡും, എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ പാലക്കാട് ജംഗ്ഷനിലെത്തിയ സന്ത്രാഗച്ചി-മംഗലാപുരം വിവേക് എക്സ്പ്രസ്സിൽ നിന്നാണ് കൈവശമുണ്ടായിരുന്ന മൂന്ന് വലിയ ട്രോളി സൂട്ട് കേസുകളിലായി കടത്തിക്കൊണ്ടുവന്ന 47.7 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. പിടികൂടിയ കഞ്ചാവിന് 24 ലക്ഷത്തോളം രൂപ വില വരും. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഒഡീഷയിൽ നിന്ന് കണ്ണൂരിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. കണ്ണൂർ, അഴീക്കോട്, വളപട്ടണം, മട്ടന്നൂർ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവർ. അറസ്റ്റിലായ യുവാവിനെതിരെ കണ്ണൂരിൽ കഞ്ചാവ് കേസ് നിലവിലുണ്ട്. ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ കേശവദാസിന്റെയും പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിനോഷ് ആർ, റെയിൽവേ പൊലീസ് ഡാൻസാഫ് സ്ക്വാഡ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തു.
© Copyright - MTV News Kerala 2021
View Comments (0)