ചാത്തമംഗലം പഞ്ചായത്തിൽ 45 ലക്ഷം രൂപയുടെ പദ്ധതികൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച രണ്ട് പദ്ധതികൾ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കൊന്നരയിൽതാഴം പാറക്കണ്ടി റോഡിൻ്റെയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയ കോയിമണ്ണ അംഗനവാടി കെട്ടിടത്തിൻ്റെയും ഉദ്ഘാടനങ്ങളാണ് എം.എൽ.എ നിർവഹിച്ചത്.
ചൂലൂരിൽ പുതുതായി ആരംഭിച്ച സി.എച്ച് സെൻ്ററിലേക്കുള്ള കൊന്നരയിൽതാഴം പാറക്കണ്ടി റോഡിന് തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപയായിരുന്നു അനുവദിച്ചിരുന്നത്. തകർന്നു കിടന്നിരുന്ന ഈ റോഡ് ഗതാഗത യോഗ്യമാക്കിയതോടെ പ്രദേശവാസികളുടെ ഏറെക്കാലമായുള്ള പ്രയാസങ്ങൾക്കാണ് അറുതിയാവുന്നത്.
ചാത്തമംഗലം കോയിമണ്ണയിലെ അംഗനവാടി സെൻ്റർ നമ്പർ 115 ന് പുതുതായി നിർമിച്ച കെട്ടിടം എം.എൽ.എ അനുവദിച്ച 20 ലക്ഷം രൂപ ചെലവിലാണ് പൂർത്തീകരിച്ചത്. താൽക്കാലിക കെട്ടിടത്തിൽ അസൗകര്യങ്ങളോടെ പ്രവർത്തിച്ചിരുന്ന അംഗനവാടിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ഏറെ നാളായുള്ള ആവശ്യമാണ് ഇതുവഴി പൂർത്തീകരിച്ചത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ശിവദാസൻനായർ, പഞ്ചായത്ത് മെമ്പർമാരായ റീന മാണ്ടിക്കാവിൽ, വിശ്വൻ വെള്ളലശ്ശേരി, ശീശ സുനിൽകുമാർ, എ ഷിജുലാൽ, വിനോദ് മാട്ടാതൊടി, കെ.എം സദാനന്ദൻ, പി പ്രസാദ്, ടി.എ രമേശൻ, എം.കെ പ്രജീഷ്കുമാർ, ടി.എം വേലായുധൻ, കെ ഗോപാലകൃഷ്ണൻ, പി മുഹമ്മദ് സംസാരിച്ചു.
© Copyright - MTV News Kerala 2021
View Comments (0)