നടപടികൾ സ്വീകരിക്കാൻ ജില്ലാ വികസന സമിതി തീരുമാനം.
ചാത്തമംഗലം കുടിവെള്ള പദ്ധതി സ്ഥലമെടുപ്പ്
നടപടികൾ സ്വീകരിക്കാൻ ജില്ലാ വികസന സമിതി തീരുമാനം.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതി ടാങ്കിന് സ്ഥലം എടുക്കുന്നതിന് പ്രത്യേക യോഗം വിളിച്ചുചേർക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനമായി. ചാത്തമംഗലത്തിനും സമീപത്തുള്ള ഏഴ് പഞ്ചായത്തുകൾക്കും വേണ്ടി സ്ഥാപിക്കുന്ന പദ്ധതിക്ക് താന്നിക്കോട് മലയിൽ 75 സെൻ്റ് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമായ തുക പദ്ധതിയുടെ ഗുണഭോക്താക്കളായ ഗ്രാമപഞ്ചായത്തുകൾ വഹിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇതുസംബന്ധിച്ച നടപടികൾ വേഗത്തിലാക്കണമെന്ന പി.ടി.എ റഹീം എം.എൽ.എയുടെ നിർദേശത്തെ തുടർന്നാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്.
ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശപ്രകാരം എൻ.ഐ.ടിയിൽ ആരംഭിച്ച കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻ്ററിലെ ജീവനക്കാർക്ക് നൽകാനുള്ള 7.5 ലക്ഷം രൂപ ചാത്തമംഗലം പഞ്ചായത്തിന് വഹിക്കാൻ സാധിക്കില്ലെന്നും ജില്ലാ കലക്ടറുടെ ഫണ്ടിൽനിന്ന് നൽകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാറിൽ നിന്ന് പ്രത്യേകാനുമതി വാങ്ങി നടപടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ കലക്ടർ യോഗത്തിൽ വ്യക്തമാക്കി.
കുന്നമംഗലം മിനി സിവിൽ സ്റ്റേഷനിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് എം.എൽ.എയുടെ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗപ്പെടുത്തി പൈപ്പ് ലൈൻ നീട്ടൽ പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ടെന്നും സംപ് ടാങ്ക് നിർമ്മിച്ച് വെള്ളം ലഭ്യമാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും എം.എൽ.എ നിർദ്ദേശിച്ചു. വിഷയം പരിഹരിക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
പടനിലം പാലത്തിൻ്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കാൻ സ്ഥലമുടമകളുടെ യോഗം വിളിച്ചു ചേർക്കണമെന്ന പി.ടി.എ റഹീം എം.എൽ.എയുടെ ആവശ്യത്തെതുടർന്ന് എൽ.എ ഡെപ്യൂട്ടി കലക്ടറെ ഇക്കാര്യത്തിലുള്ള നടപടികൾക്കായി യോഗം ചുമതലപ്പെടുത്തി.
© Copyright - MTV News Kerala 2021
View Comments (0)