
നിർണ്ണായക തീരുമാനവുമായി ഒപെക്+: ക്രൂഡ് ഓയില്‍ വില ഇനിയും കുറഞ്ഞേക്കും; അധികമായി വരിക 1,88,000 ബാരൽ
ക്രൂഡ് ഓയില്‍ ഉത്പാദനം വർധിപ്പിക്കാനുള്ള തീരുമാനവുമായി ഒപെക് പ്ലസ് (OPEC+) രാജ്യങ്ങൾ. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധികളിൽ നിന്നും ആഗോള ഊർജ്ജ വിപണി സാവധാനം തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന പശ്ചാത്തലത്തിലാണ് കുട്ടായ്മ ഉത്പാദനം വർധിപ്പിക്കാന്‍ നോക്കുന്നത്. സൗദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈറ്റ്, കസാക്കിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ ഏഴ് പ്രമുഖ അംഗരാജ്യങ്ങൾ വരും മാസങ്ങളിൽ പ്രതിദിനം 1,88,000 ബാരൽ എണ്ണ അധികമായി ഉൽപ്പാദിപ്പിക്കുമെന്ന് ഞായറാഴ്ച ചേർന്ന വെർച്വൽ യോഗത്തിന് ശേഷം സംഘടന അറിയിച്ചു.ആഗോള വിപണിയിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഓഗസ്റ്റ് മുതൽ ഉൽപ്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചത്. തുടർച്ചയായ അഞ്ചാം മാസമാണ് ഒപെക് പ്ലസ് രാജ്യങ്ങൾ ഉൽപ്പാദനം വർധിപ്പിക്കുന്നത്. 2023-ൽ പ്രഖ്യാപിച്ച ഉൽപ്പാദന നിയന്ത്രണങ്ങൾ ഘട്ടഘട്ടമായി പിൻവലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മുൻപ് ബാങ്ക് തകർച്ചകളെ തുടർന്ന് എണ്ണവില കുത്തനെ ഇടിഞ്ഞപ്പോഴായിരുന്നു ഒപെക് പ്ലസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.വിപണിയിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും, ആവശ്യാനുസരണം ഉൽപ്പാദനത്തിൽ മാറ്റങ്ങൾ വരുത്താനുള്ള പൂർണ്ണമായ സ്വാതന്ത്ര്യം നിലനിർത്തുമെന്നും സംഘടന വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ ഓഗസ്റ്റ് 2-ന് അംഗരാജ്യങ്ങൾ വീണ്ടും യോഗം ചേരും. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 126 ഡോളർ വരെ ഉയർന്നിരുന്നെങ്കിലും, ഇറാൻ സംഘർഷം ശാശ്വതമായി അവസാനിക്കുമെന്ന പ്രതീക്ഷകൾ ശക്തമായതോടെ വില യുദ്ധത്തിന് മുൻപുള്ള നിരക്കുകളിലേക്ക് താഴ്ന്നു.യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ജൂൺ 17-ന് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സജീവമായിത്തുടങ്ങിയിട്ടുണ്ട്. യുദ്ധത്തിന് മുൻപ് പ്രതിദിനം 130 കപ്പലുകൾ കടന്നുപോയിരുന്ന ഈ പാതയിൽ നിലവിൽ ഗതാഗതം പൂർണ്ണതോതിലായിട്ടില്ലെങ്കിലും, കഴിഞ്ഞ ദിവസങ്ങളിൽ ക്രമാനുഗതമായ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് സെപ്റ്റംബർ ഡെലിവറിക്കുള്ള ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില ബാരലിന് 72 ഡോളറിലേക്ക് താഴ്ന്നു. ഇത് യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുൻപുള്ള നിരക്കിനേക്കാൾ കുറവാണ്.ലോകത്തെ എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്നും കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടതോടെ, കയറ്റുമതി ചെയ്യാനാകാത്ത എണ്ണ കുന്നുകൂടുകയും സംഭരണശേഷി മറികടക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് മെയ് മാസത്തിൽ ഒപെക് പ്ലസിന്റെ ആകെ ഉൽപ്പാദനം ഫെബ്രുവരിയിലെ 42.77 ദശലക്ഷം ബാരലിൽ നിന്നും 33.13 ദശലക്ഷം ബാരലായി കുറഞ്ഞിരുന്നു. നിലവിൽ യാത്രാവിലക്കുകളും തടസ്സങ്ങളും നീങ്ങിയതോടെ സൗദി അറേബ്യയും ഇറാനും വൻതോതിൽ എണ്ണ വിപണിയിലെത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒപെക് പ്ലസ് രാജ്യങ്ങളുടെ പുതിയ തീരുമാനവും, ചൈനയിലെ കുറഞ്ഞ ആവശ്യകതയും, യുഎസ്-റഷ്യൻ കയറ്റുമതിയിലെ വർധനവും ചേരുമ്പോൾ വരും ദിവസങ്ങളിൽ വിപണിയിൽ എണ്ണയുടെ ലഭ്യത വൻതോതിൽ ഉയരുമെന്നും ഇതോടെ വില വീണ്ടും കുറയുമെന്നുമാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.
© Copyright - MTV News Kerala 2021





View Comments (0)