
തിരുവനന്തപുരം മെഡി. കോളേജില്‍ കൊവിഡ് കാലത്ത് 46 ലക്ഷത്തിന്റെ ക്രമക്കേട്; ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്
കൊവിഡ് കാലത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്നത് ഗുരുതര ക്രമക്കേടെന്ന് ആരോപണം. 2019-2020 കാലത്തെ ഇടപാടില്‍ 46ലക്ഷം രൂപ കാണാതായെന്നാണ് വിവരം. കരാറുകാര്‍ക്ക് നല്‍കിയ തുകയില്‍ നിന്ന് നികുതി വെട്ടിച്ചെന്നും ആരോപണമുണ്ട്. ലാബുകളില്‍ നിന്നുള്ള വരുമാനം ബാങ്കില്‍ അടച്ചില്ല. ലെഡ്ജറില്‍ ക്രമക്കേട് വരുത്തിയും പണം കവര്‍ന്നെന്നുമാണ് കണ്ടെത്തല്‍. ആരോഗ്യമന്ത്രി നല്‍കിയ പരാതിയില്‍ ആഭ്യന്തര വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2019 – 2020 കൊവിഡ് കാലത്താണ് അടിമുടി ക്രമക്കേടെന്ന് കണ്ടെത്തല്‍. ആശുപത്രി വികസന സൊസൈറ്റിയുടെ ഇടപാടിലെ ഗുരുതര ക്രമക്കേടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 46 ലക്ഷം രൂപ ബാങ്കിലടയ്ക്കാതെ തട്ടിയെടുത്തെന്നാണ് ഉയരുന്ന ആരോപണം. ഓഡിറ്റ് വകുപ്പിനാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചിരിക്കുന്നത്. 46 ലക്ഷത്തിന്റെ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് പരാതിയുമായി മുന്നോട്ട് പോകുന്നത്. ക്രിമിനല്‍ കേസ് എടുത്ത് അന്വേഷണം നടത്തണം എന്നാണ് ആരോഗ്യ വകുപ്പ് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയാണ് ആദ്യ നീക്കം.എംആര്‍ഐ, സിറ്റി സ്‌കാന്‍ ലാബുകളിലെ പണമാണ് ബാങ്കുകളില്‍ അടക്കാതെ തട്ടിയെടുത്തതെന്നാണ് വിവരം. 46 ലക്ഷം രൂപ ലഡ്ജര്‍ ബുക്കില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ആ പണം ബാങ്കിലടയ്കാതെ കവര്‍ന്നെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം അനുവദിച്ചതിലടക്കം വലിയ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് ക്രമക്കേടിന്റെ വ്യാപ്തി ആരോഗ്യ വകുപ്പിന് ബോധ്യപ്പെടുന്നത്. ആരോഗ്യ വകുപ്പിന്റെ പരാതിയെ ഗൗരവമായി തന്നെ കണ്ട് അന്വേഷണം നടത്താനാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്. വിജിലന്‍സ് അന്വേഷണത്തിനടക്കം ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കാനാണ് സാധ്യത.
© Copyright - MTV News Kerala 2021





View Comments (0)