കേരളത്തില്‍ കപ്പല്‍ നിര്‍മാണശാലയ്ക്ക് പദ്ധതിയില്ല; മുഖ്യമന്ത്രിയെ തള്ളി ടാറ്റ ഗ്രൂപ്പ്

MTV News 0
Share:

സംസ്ഥാനത്ത് കപ്പല്‍ നിര്‍മാണശാല നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പ് വരുന്നുവെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും 10,000 കോടിയുടെ നിക്ഷേപത്തിന് പദ്ധതിയില്ലെന്നും സര്‍ക്കാരിനോട് താല്‍പര്യം അറിയിച്ചിട്ടില്ലെന്നും ടാറ്റാ ഗ്രൂപ്പ് പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, എന്നാല്‍ പദ്ധതിയേക്കുറിച്ചുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടന്നെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫിസ്.മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയായ മിഷന്‍ സമുദ്രയുടെ ഭാഗമായി നടന്ന മാരിടൈം കോണ്‍ക്ലേവിലായിരുന്നു വമ്പന്‍ വികസന പദ്ധതിയുടെ ആദ്യ പ്രഖ്യാപനം. പക്ഷെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേട്ട് അത്ഭുതം തോന്നിയെന്ന മട്ടിലാണ് ടാറ്റാ ഗ്രൂപ്പിന്‍റെ പ്രതികരണം വരുന്നത്. ഇത്തരം ഒരു ചര്‍ച്ചയും നടന്നിട്ടില്ല. കപ്പല്‍ നിര്‍മാണ ശാല എന്ന പദ്ധതി ടാറ്റാ ഗ്രൂപ്പിനില്ല. കേരളത്തിലെന്നല്ല, ദക്ഷിണേന്ത്യയിലെവിടെയും പതിനായിരം കോടിയുടെ നിക്ഷേപത്തിന് ആലോചിച്ചിട്ടില്ലെന്നുമാണ് പ്രതികരണം. മുഖ്യമന്ത്രി ആധികാരികമായി നടത്തിയ വികസന പ്രഖ്യാപനം അടിസ്ഥാനരഹിതമെന്ന ചര്‍ച്ചയാണ് ഈ പ്രതികരണത്തോടെ ശക്തമായിരിക്കുന്നത്.അതേസമയം, വിഷയത്തില്‍ ടാറ്റയുടെ ഔദ്യോഗിക വാര്‍ത്താകുറിപ്പോ അറിയിപ്പോ അല്ല പുറത്തുവന്നതെന്നും പകരം അവരുടെ  പ്രതിനിധിയുടെ പ്രതികരണം എന്ന് അവകാശപ്പെട്ട് ഇക്കണോമിക് ടൈംസ് നല്‍കിയ വാര്‍ത്തമാത്രമാണ് നിലവിലുള്ളതെന്നും വാദമുണ്ട്. മുഖ്യമന്ത്രിയുടെ അവകാശവാദത്തില്‍ പ്രതികരണം തേടി ഇമെയില്‍ അയച്ചിട്ടും അവര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പിന്നീട് പ്രതികരിച്ചത് ടാറ്റാ ഗ്രൂപ്പിന്‍റെ ആരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുമില്ല. പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്നും പ്രാരംഭ ചര്‍ച്ചകള്‍ നടന്നെന്നും ടാറ്റാ ഗ്രൂപ്പ് തന്നെ ഔദ്യോഗികമായി ഇക്കാര്യം അറിയിക്കുമെന്നുമാണ് സര്‍ക്കാരിന്‍റെ വിശദീകരണം.