
പിഎസ്സിയിൽ പരാതി പ്രവാഹം: 90ലധികം പരീക്ഷകളിൽ ക്രമക്കേട് ആരോപണം; പരാതി നൽകി ഉദ്യോഗാർഥികൾ
കേരള പബ്ലിക് സർവീസ് കമ്മീഷൻ പിഎസ്സി നടത്തിയ വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് പരാതികളുടെ പ്രവാഹമാണ് ഇപ്പോൾ ഉണ്ടാകുന്നത്. ഇതുവരെ 90ലധികം പരീക്ഷകളിലാണ് അട്ടിമറിയും ക്രമക്കേടും നടന്നതായി ഉദ്യോഗാർത്ഥികളിൽ നിന്നും പരാതികൾ ലഭിച്ചിരിക്കുന്നത്. നിലവിൽ ഉയർന്നുവന്നിട്ടുള്ള ഈ പരാതികൾ വിശദമായി പരിശോധിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വരും ദിവസങ്ങളിൽ കൂടുതൽ പരീക്ഷകളിൽ കേസെടുത്തേക്കും.സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേട് കേസിൽ പിഎസ്സിയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ വൈകാതെ പ്രതികളാകുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം. താല്പര്യമുള്ള ഒരാളെ ബോധപൂർവ്വം ഒന്നാം റാങ്കിലേക്ക് കൊണ്ടുവരുന്നതിനായി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായെന്നും ഇതിലൂടെ അർഹരായ ഉദ്യോഗാർത്ഥികൾ തടയപ്പെട്ടുവെന്നുമാണ് പ്രധാന കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉടൻ തന്നെ കോടതിയിൽ സമർപ്പിക്കും. പിഎസ്സി പരീക്ഷാ ക്രമക്കേടിൽ കമ്മീഷനിലെ ഉദ്യോഗസ്ഥർ തന്നെ പ്രതികളാകുന്ന ചരിത്രത്തിലെ ആദ്യ സംഭവങ്ങളിലൊന്നായി ഇതുമാറും.
© Copyright - MTV News Kerala 2021





View Comments (0)