
ഫ്രഷ് കട്ട് പ്ലാന്‍റിൽ നിന്ന് മാലിന്യം ഒഴുക്കിയിട്ടില്ലെന്ന കട്ടിപ്പാറ പഞ്ചായത്തിന്റെ വാദം പൊളിയുന്നു; ജലസ്രോതസുകൾമലിനമായെന്ന് സമീപ പഞ്ചായത്തുകൾ
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന ‘ഫ്രഷ് കട്ട്’ കോഴി അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്നും മാലിന്യം പുറത്തേക്ക് ഒഴുകിയിട്ടില്ലെന്ന പഞ്ചായത്തിന്റെ റിപ്പോർട്ട് തള്ളി സമീപ പഞ്ചായത്തുകൾ. പ്ലാന്റിൽ നിന്നും മാലിന്യം ഒഴുകിയെത്തി ജലസ്രോതസുകൾ മലിനമായതായി ഓമശേരി, താമരശേരി ഗ്രാമപഞ്ചായത്തുകൾ വ്യക്തമാക്കി. കമ്പനിക്ക് അനുകൂലമായി കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി നൽകിയ വാദങ്ങൾ പൂർണമായും പൊളിയുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പുതിയ രേഖകളും ദൃശ്യങ്ങളും.ആഗസ്റ്റ് ഒന്നിനുണ്ടായ ശക്തമായ മഴയിൽ ഫ്രഷ് കട്ട് പ്ലാന്റിൽ വെള്ളം കയറുകയും, ഈ വെള്ളത്തിനൊപ്പം കോഴിമാലിന്യം പുറത്തേക്ക് ഒഴുകുകയും ചെയ്തിരുന്നു. ഇരുതുള്ളിപ്പുഴയിലേക്ക് ഉൾപ്പെടെ മാലിന്യം വലിയ തോതിൽ ഒഴുകിയെത്തിയെന്ന് ഓമശ്ശേരി, താമരശ്ശേരി ഗ്രാമപഞ്ചായത്തുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ജലസ്രോതസുകൾ മലിനമായെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ഇരു പഞ്ചായത്തുകളും കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്തയച്ചു. മാലിന്യം ഒഴുകുന്നത് അടിയന്തരമായി തടയണമെന്നും ഇവർ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
© Copyright - MTV News Kerala 2021





View Comments (0)