
യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യം പകർത്തി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ്; ഒരാൾ കൂടി അറസ്റ്റിൽ
ബെംഗളൂരുവിൽ സുഹൃത്തിന്റെ ഫ്ളാറ്റിൽനിന്നും മലാപറമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ. വെള്ളിമാടുകുന്ന് പുളിയോട്കുന്ന് മഠത്തിൽ പ്രസാദിന്റെ മകൻ കുട്ടൻ എന്ന് വിളിക്കുന്ന കുറുപ്പശ്ശംകണ്ടി അഖിൽ (33) ആണ് അറസ്റ്റിലായത്.യുവാവിനെ ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പടിഞ്ഞാറ്റുമുറിയിൽ ഒരു വാടകവീട്ടിൽ ബന്ധനസ്ഥനാക്കി ദേഹോപദ്രവം ഏൽപിക്കുകയും, നഗ്നചിത്രങ്ങളെടുത്ത് രക്ഷിതാക്കൾക്ക് അയച്ചുകൊടുത്ത് എട്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു എന്നാണ് കേസ്.കോഴിക്കോട് മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ പ്രമോദിന്റെ സ്പെഷ്യൽ ടീം ഇൻവെസ്റ്റിഗേഷൻ അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റഷീദ് കെ.വി., സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മനോജ് വി.ഡി., ഗോകുൽ പ്രകാശ്, രാഗേഷ് ടി. പ്രേമൻ എന്നിവരും ചേവായൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഓ ദിനേശ് ടി.പി., എഎസ്ഐ രഗീഷ്, നജീബ്, സിവിൽ പൊലീസ് ഓഫീസർ വിജിനേഷ്, വന്ദന എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.പ്രതി മുൻപ് ഒരു വധശ്രമക്കേസിലും ഉൾപ്പെട്ടിട്ടുള്ള ആളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നേരത്തെ, ഈ കേസിൽ പറമ്പിൽബസാർ നമ്പ്യാത്ത്താഴത്ത് കനാൽ റോഡിൽ കുട്ടൻ എന്ന് വിളിക്കുന്ന അതുലിനെയും, കണ്ണൂർ മട്ടന്നൂർ സ്വദേശി തില്ലങ്കേരി പാളിയപറമ്പ് ഡിങ്കൻ എന്ന് വിളിക്കുന്ന ജിഷ്ണു ജയനെയും പോലീസ് പിടികൂടിയിരുന്നു.കേസിലെ മറ്റു പ്രതികളെ പിടി കൂടുന്നതിലേക്ക് മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
© Copyright - MTV News Kerala 2021





View Comments (0)