വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടർന്നേക്കും

MTV News 0
Share:

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടർന്നേക്കും. ഹ്രസ്വകാല കരാറിലൂടെ പീക്ക് സമയത്ത് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നടത്തിയ ടെൻഡറുകൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.മഴ കുറഞ്ഞതോടെ ചൂട് കൂടിയതിനാൽ വൈദ്യുതി ആവശ്യകതയിൽ 500–600 മെഗാവാട്ട് വരെ വർധനയുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. അണക്കെട്ടുകളിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തെ 80 ശതമാനത്തിൽ നിന്ന് 64 ശതമാനമായി കുറഞ്ഞതും തിരിച്ചടിയാണ്. അതേസമയം വൈദ്യുതി ഉപഭോഗം 94 ദശലക്ഷം യൂണിറ്റിലെത്തി.മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പിന്നീട് തിരിച്ചുനൽകാമെന്ന വ്യവസ്ഥയിൽ വൈദ്യുതി കടമെടുത്താണ് നിലവിൽ പ്രതിസന്ധി മറികടക്കുന്നത്. വെള്ളിയാഴ്ച മാത്രം 2.21 ദശലക്ഷം യൂണിറ്റ് ഇത്തരത്തിൽ വാങ്ങി. ആവശ്യകത ഉയർന്നതോടെ വൈകിട്ട് 4.30 മുതൽ രാവിലെ 9.30 വരെ തത്സമയ വിപണിയിൽ യൂണിറ്റിന് 10 രൂപ വരെ വിലയുണ്ട്.