ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പ് നേരത്തെ എത്തി

MTV News 0
Share:

സംസ്ഥാനം ഇന്നും ഇരുട്ടിലാകും. 25 മിനിറ്റ് നേരം വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. എസ്എംഎസ് ആയാണ് മുന്നറിയിപ്പ് വന്നത്. വൈകിട്ട് 6.15 നും രാത്രി 12.15നും ഇടയ്ക്കാകും വൈദ്യുതി നിയന്ത്രണം. ഈ മാസത്തെ ഏറ്റവും വലിയ വൈദ്യുതി ഉപഭോഗമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. രാത്രികാല ആവശ്യകത 5305 മെഗാവാട്ട് കറണ്ടാണ്. കഴിഞ്ഞ 17 ദിവസങ്ങളില്‍ രണ്ട് ദിവസം മാത്രമാണ് വൈദ്യുതി നിയന്ത്രണം ഇല്ലാതിരുന്നത്.കെഎസ്ഇബിക്കോ സര്‍ക്കാരിനോ ഇക്കാര്യത്തില്‍ ഒരു പരിഹാരം എന്താണെന്ന് വ്യക്തമാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. സെപ്തംബര്‍ 30 വരെ നിയന്ത്രണം ഉണ്ടാകാനാണ് സാധ്യതയെന്നാണ് കെഎസ്ഇബി അധികൃതരും പറയുന്നത്. വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഉപയോഗിച്ചതിനെക്കാള്‍ 1200 മെഗാവാട്ട് അധിക വൈദ്യുതിയാണ് നിലവില്‍ ആവശ്യമായി വരുന്നത്. കഴിഞ്ഞദിവസം മാത്രം 99 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണയായി ഏപ്രില്‍ – മെയ് മാസങ്ങളിലാണ് ഇത്രയധികം വൈദ്യുതി ഉപയോഗിക്കാറുള്ളത്.സംസ്ഥാനത്ത് ചൂട് മൂന്ന് മുതല്‍ നാല് ഡിഗ്രിവരെ ഉയരുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗവും കൂടുന്നുണ്ട്. പീക്ക് ടൈമിലും 900 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്നടക്കം വൈദ്യുതി ലഭിച്ചെങ്കിലും അതൊന്നും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ പര്യാപ്തമല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും അതിലൊന്നും ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. മധ്യപ്രദേശില്‍ നിന്നുള്ള വൈദ്യുതി ലഭ്യത നിന്നിട്ട് ഒരാഴ്ച പിന്നിടുകയും ചെയ്തിട്ടുണ്ട്. ഒക്ടോബറോടെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്.