
കാലാവസ്ഥ വ്യതിയാനവും ‘എൽ നിനോ’ പ്രതിഭാസവും മൂലം കാർഷിക ഉൽപാദനം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്ത് നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു. അരി, പരിപ്പുവർഗ്ഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്ക് പൊതുവിപണിയിൽ വൻ വിലവർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉൽപാദനം സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്നതിനാൽ വില ഉടൻ കുറയാൻ സാധ്യതയില്ലെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.
പ്രധാന വിലവർധനവ്: പഞ്ചസാര, വറ്റൽ മുളക്, തുവര പരിപ്പ് എന്നിവയ്ക്ക് കിലോയ്ക്ക് 20 രൂപ വരെ വർധിച്ചിട്ടുണ്ട്. പൊന്നി അരിക്ക് ഒരു മാസത്തിനിടെ 14 രൂപ കൂടി കിലോയ്ക്ക് 73 രൂപയിലെത്തി.കുറുവാ അരി, ബിരിയാണി അരികളായ കൈമ, കോല എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്. കടലയ്ക്ക് കിലോയ്ക്ക് 10 രൂപയും, ഉഴുന്നിന് 8 രൂപയും, വൻപയറിന് 14 രൂപയും വർധിച്ചു. ചെറുപയറിനും വിലയിൽ വർധനവുണ്ടായിട്ടുണ്ട്.മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും അരിയടക്കമുള്ള ധാന്യങ്ങൾ എത്തുന്നത്. ഈ സംസ്ഥാനങ്ങളിലുണ്ടായ കടുത്ത വരൾച്ചയും പ്രകൃതിദുരന്തങ്ങളും കൃഷി നശിക്കാൻ കാരണമായതാണ് നിലവിലെ പ്രതിസന്ധിക്ക് ആധാരം. കൂടാതെ, പശ്ചിമേഷ്യയിലെ സംഘർഷവും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും വരും ദിവസങ്ങളിൽ വില വീണ്ടും വർധിക്കാൻ കാരണമായേക്കാമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു.
© Copyright - MTV News Kerala 2021





View Comments (0)