സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ ഇന്ത്യയില്‍ എച്ച്.ഐ.വി. ബാധിച്ചത് 17 ലക്ഷത്തില്‍പരം പേര്‍ക്ക്.
ന്യൂഡല്‍ഹി: സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ കഴിഞ്ഞ പത്ത് കൊല്ലത്തിനിടെ രാജ്യത്ത് എച്ച്.ഐ.വി. ബാധിച്ചത് 17 ലക്ഷത്തില്‍പരം പേര്‍ക്കെന്ന് നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (NACO-നാകോ). സാമൂഹികപ്രവര്‍ത്തകനായ ചന്ദ്രശേഖര ഗോര്‍ വിവരാവകാശനിയമപ്രകാരം ഫയല്‍ ചെയ്ത അപേക്ഷയിലാണ് സംഘടന ഇതു സംബന്ധിച്ച കണക്ക് കൈമാറിയത്. 2011 മുതല്‍ 2021 വരെയുള്ള പത്ത് വര്‍ഷത്തിനിടെ 17,08,777 പേരാണ് വൈറസ് ബാധിതരായത്.
പത്ത് വര്‍ഷത്തിനിടെ എച്ച്.ഐ.വി. ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നുള്ളത് ആശ്വാസകരമായ വസ്തുതയാണ്. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമുള്ള കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. 2011-12 കാലയളവില്‍ സുരക്ഷിതമാര്‍ഗങ്ങള്‍ അവലംബിക്കാതെയുള്ള ലൈംഗികബന്ധത്തിലൂടെ 2.5 ലക്ഷം പേര്‍ എച്ച്.ഐ.വി. ബാധിതരായെങ്കിലും 2020-21 കാലയളവില്‍ എച്ച്.ഐ.വി. ബാധിതരായവരുടെ എണ്ണം 85,268 ആയി ചുരുങ്ങിയിട്ടുണ്ട്.
സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കനുസരിച്ച് ആന്ധ്രാപ്രദേശാണ് എച്ച്.ഐ.വി. ബാധിതരുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. 3,18,814 പേരാണ് സംസ്ഥാനത്ത് പത്ത് കൊല്ലത്തിനിടെ രോഗബാധിതരായത്. മഹാരാഷ്ട്രയാണ് രോഗബാധിതരുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 2,84,547 പേര്‍ എച്ച്.ഐ.വി ബാധിതരായി. കര്‍ണാടകയില്‍ 2,12,982, തമിഴ്‌നാട്ടില്‍ 1,16,536, ഉത്തര്‍പ്രദേശില്‍ 1,10,911, ഗുജറാത്തില്‍ 87,440 എന്നിങ്ങനെയാണ് പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ള സംസ്ഥാനങ്ങളുടെ കണക്ക്.
കൂടാതെ, രക്തദാനത്തിലൂടെയും പ്ലാസ്മ തുടങ്ങിയ രക്തത്തിലെ ഘടകങ്ങളുടെ കൈമാറ്റത്തിലൂടെ 15, 782 പേര്‍ക്കാണ് 2011-12 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ വൈറസ് പകര്‍ന്നത്. അമ്മമാരില്‍ നിന്ന് 4,423 കുഞ്ഞുങ്ങള്‍ക്ക് രോഗം ബാധിച്ചതായി ആന്റിബോഡി പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. 2020 ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 23,18,737 പേര്‍ എച്ച്.ഐ.വി. ബാധിതരായി ജീവിക്കുന്നുണ്ട്. ഇതില്‍ 81,430 പേര്‍ കുട്ടികളാണ്. പരിശോധനയുടെ സമയത്തോ വൈറസ് ബാധ സ്ഥിരീകരിച്ചതിന് ശേഷമോ എച്ച്.ഐ.വി. പോസിറ്റീവായ വ്യക്തികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളകണക്കായതിനാല്‍ പൂര്‍ണമായും വ്യക്തിപരമായ വിവരമാണിതെന്നും നാകോ വ്യക്തമാക്കി.
പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് എച്ച്.ഐ.വി. ബാധ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് ഗുരുഗ്രാം ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം ഡയറക്ടര്‍ സതീഷ് കൗള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള നാകോ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നതെന്നും ഒരു വ്യക്തിയ്ക്ക് രോഗബാധ സ്ഥിരീകരിച്ചാല്‍ പ്രസ്തുതവ്യക്തിയുടെ ശരീരത്തില്‍ വൈറസ് നിയന്ത്രണത്തിന് സഹായിക്കുന്ന ഹൈലി ആക്ടീവ് ആന്റി റിട്രോവൈറല്‍ ട്രീറ്റ്‌മെന്റ് (HAART) നാകോ അടിയന്തരമായി ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് വ്യാപനവും കോവിഡ് നിയന്ത്രണങ്ങളും കുറഞ്ഞ സ്ഥിതിയ്ക്ക് എച്ച്.ഐ.വി. ബാധിതരുടെ എണ്ണം വര്‍ധിക്കാനിടയുണ്ടെന്ന് ആകാശ് ഹെല്‍ത്ത്‌കെയര്‍ ഇന്‍സ്റ്റിട്യൂട്ടിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് പ്രഭാത് രഞ്ജന്‍ സിന്‍ഹ മുന്നറിയിപ്പ് നല്‍കി. ആരെങ്കിലും എച്ച്.ഐ.വി. പോസിറ്റീവായാല്‍ അടിയന്തരമായി ആന്റി റെട്രോവല്‍ ചികിത്സ തേടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയെയാണ് എച്ച്.ഐ.വി.(ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ്) ബാധിക്കുന്നത്. കൃത്യമായ ചികിത്സ ലഭിക്കാതിരുന്നാല്‍ വൈറസ് ബാധ ഗുരുതരമാകുകയും വൈറസ് ബാധിതര്‍ എയ്ഡ്‌സ് (AIDS) രോഗികളായി മാറുകയും ചെയ്യും. വൈറസ് ബാധിതരുടെ രക്തം, ബീജം, യോനീസ്രവം എന്നിവയിലൂടെയാണ് രോഗം പകരുന്നത്. വൈറസ് ബാധയുണ്ടായി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പനി, തൊണ്ട വേദന, ശാരീരികക്ഷീണം എന്നിവ അനുഭവപ്പെടുമെങ്കിലും പിന്നീട് എയ്ഡ്‌സായി മാറുന്നതു വരെ ലക്ഷണങ്ങള്‍ കാണിക്കാറില്ലെന്നതാണ് ഈ രോഗത്തില്‍ നിന്നുള്ള ഏറ്റവും വലിയ ഭീഷണി. ചികിത്സ ലഭ്യമല്ലാത്ത രോഗമാണെങ്കിലും മരുന്നുകളിലൂടെ ഒരു പരിധി വരെ എച്ച്.ഐ.വിയുടെ ഗുരുതര പ്രത്യാഘാതങ്ങള്‍ നിയന്ത്രിക്കാനാവും.
© Copyright - MTV News Kerala 2021
View Comments (0)