രക്ഷയില്ല; എട്ടാമതും തോറ്റ് മുംബൈ

MTV News 0
Share:
MTV News Kerala

മുംബൈ:ഐ പി എലില്‍ മുംബൈയുടെ പരാജയ പരമ്പരക്ക് ശമനമായില്ല. എട്ടാം മത്സരത്തിലും ടീമിന് രുചിക്കേണ്ടി വന്നത് തോല്‍വിയുടെ കയ്പ്പ്. ഇന്നലത്തെ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് 36 റണ്‍സിനാണ് മുംബൈ അടിയറവ് പറഞ്ഞത്. ലക്‌നൗ മുമ്പോട്ട് വച്ച 169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് നിശ്ചിത 20 ഓവറില്‍ 132 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ. സ്‌കോര്‍: ലക്‌നൗ- 168/6, മുംബൈ- 132/8.

ലക്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ ഇത്തവണയും ശതകം നേടി. 62 പന്തില്‍ പുറത്താകാതെയാണ് രാഹുല്‍ 103 റണ്‍സ് നേടി. സീസണിലെ രാഹുലിന്റെ രണ്ടാം ശതകമാണിത്. താരത്തിന്റെ ആദ്യ ശതകവും മുംബൈക്കെതിരെയായിരുന്നു. മനിഷ് പാണ്ഡെ 22 പന്തില്‍ 22 റണ്‍സെടുത്തു. 11 പന്തില്‍ 14 ആയിരുന്നു അയുഷ് ബദോനിയുടെ സംഭാവന.

ലക്‌നൗവിനായി ക്രുണാല്‍ പാണ്ഡ്യ രണ്ടും മുഹ്‌സിന്‍ ഖാന്‍, ജാസണ്‍ ഹോള്‍ഡര്‍, രവി ബിഷ്‌ണോയ്, ആയുഷ് ബദൗനി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. രോഹിത് ശര്‍മ (31ല്‍ 39), തിലക് വര്‍മ (27ല്‍ 38), കിറോണ്‍ പൊള്ളാര്‍ഡ് (20ല്‍ 19) എന്നിവര്‍ മുംബൈക്കായി പൊരുതിയെങ്കിലും വിഫലമായി. 20 പന്തില്‍ നിന്ന് എട്ട് റണ്‍സുമായി മുംബൈ നിരയില്‍ നിന്ന് ഇഷാന്‍ കിഷനാണ് ആദ്യം മടങ്ങിയത്. മൂന്ന് റണ്‍സ് മാത്രമെടുത്ത് ബ്രെവിസ്, ഏഴ് റണ്‍സുമായി സൂര്യകുമാര്‍ യാദവ് എന്നിവരും നിരാശപ്പെടുത്തി.