
ബിയർകുപ്പികൊണ്ട് അടിച്ചു, മർദിച്ച് വിരലൊടിച്ചു; കോഴിക്കോട്ട് ലൈഫ് ഗാർഡുമാരെ ആക്രമിച്ച കർണാടക സ്വദേശികൾ പിടിയിൽ
വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ബീച്ചിൽവെച്ച് ലൈഫ് ഗാർഡുമാരെ ആക്രമിച്ച കേസിലെ പ്രതികളായ കർണാടക സ്വദേശികൾ – ഖലീം പാഷ (36), മുഹമ്മദ് റയാൻ (19) എന്നിവരെ വെള്ളയിൽ പോലീസ് പിടികൂടി. ചൊവ്വാഴ്ച വൈകുന്നേരം കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിന് സമീപംവെച്ചാണ് ലൈഫ് ഗാർഡുമാരായ റോഷിത്തിനെയും, ആദിലിനെയും പാഷയും റയാനും ചേർന്ന് മർദിച്ചത്.നിരോധിത മേഖലയിൽ കടലിൽ ഇറങ്ങരുതെന്ന് പറഞ്ഞതിലുള്ള വിരോധംവെച്ചാണ് പ്രതികൾ റോഷിത്തിനെ ഇടിക്കുകയും, ബിർകുപ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത്. മർദനത്തിൽ ആദിലിന്റെ കൈവിരലിന് പൊട്ടലേറ്റിട്ടുണ്ട്. പ്രതികളെ കടലിൽ നീന്തുന്നതിൽനിന്ന് രണ്ടുതവണ ലൈഫ് ഗാർഡുമാർ തടഞ്ഞിരുന്നു.മൂന്നാംതവണയും പ്രതികൾ ഇതാവർത്തിച്ചപ്പോൾ ലൈഫ് ഗാർഡുമാർ സമീപത്തുള്ള ഹോംഗാർഡിനെ വിളിച്ചുവരുത്തി. പിന്നാലെയാണ് സംഘം ഗാർഡുമാരെ ആക്രമിച്ചത്. മർദിക്കാൻ തുടങ്ങിയപ്പോൾ സമീപത്ത് സ്പീഡ് ബോട്ട് സർവീസ് നടത്തുന്നവർ രക്ഷിക്കാനെത്തിയെങ്കിലും അവർക്കും മർദനമേറ്റു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
© Copyright - MTV News Kerala 2021





View Comments (0)