കെ പി പി എല്‍: വില്‍ക്കാന്‍ കേന്ദ്രം… വളര്‍ത്താന്‍ കേരളം….
കേരളത്തിന്റെ സ്വന്തം പേപ്പർ നിർമാണ കമ്പനി ഉൽപ്പന്ന നിർമാണത്തിലേക്ക് കടക്കുന്നു. സംസ്ഥാന സർക്കാർ രൂപീകരിച്ച വെള്ളൂരിലെ കേരളാ പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (കെപിപിഎൽ) പ്രവർത്തനോദ്‌ഘാടനം മെയ് 19ന് രാവിലെ 11.00 മണിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിക്കും.
ആദ്യഘട്ട പുനരുദ്ധാരണം നിശ്‌ചയിച്ച സമയത്തിനും മുമ്പേ പൂർത്തിയാക്കിയാണ് കെപിപിഎൽ ചരിത്ര നിമിഷത്തിലേക്ക് കടക്കുന്നത്. ന്യൂസ്‌പ്രിന്റാണ് ആദ്യഘട്ടത്തിൽ ഉൽപ്പാദിപ്പിക്കുക. നാല് ഘട്ടങ്ങളിലായുള്ള പുനരുദ്ധാരണത്തിലൂടെ രാജ്യത്തെ ഏറ്റവും വലിയ പേപ്പർ ഉൽപ്പന്ന നിർമാണ കമ്പനിയായി കെപിപിഎല്ലിനെ വളർത്താനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
കേന്ദ്ര സർക്കാർ നഷ്ടത്തിലാക്കി വിൽപനയ്‌ക്കുവെച്ച ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ്‌സ് ലിമിറ്റഡ്(എച്ച്‌എൻഎൽ) സംസ്ഥാന സർക്കാർ ലേലത്തിൽ സ്വന്തമാക്കി കെപിപിഎൽ ആയി പുനരുജ്ജീവിപ്പിക്കുകയായിരുന്നു. കോടി വകയിരുത്തിയ ആദ്യഘട്ട അറ്റകുറ്റപ്പണികളുടെ ഭാഗമായി പവർ ബോയിലറും ഡീയിങ്കിങ് പ്ലാന്റും പ്രവർത്തനക്ഷമമാക്കി.
മേയ് 31ന് ആദ്യഘട്ട അറ്റകുറ്റപ്പണി പൂർത്തിയാക്കാനാണ് നിശ്‌ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ തന്നെ രണ്ടംഘട്ടം പകുതിയോളം പൂർത്തിയായി. 44.94 കോടി വകയിരുത്തിയിട്ടുള്ള രണ്ടാംഘട്ടം മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ കെപിപിഎൽ പൂർണ തോതിലുള്ള ഉൽപ്പാദനത്തിലേക്കെത്തും.
ന്യൂസ് പ്രിന്റിനൊപ്പം ടിഷ്യു പേപ്പർ, ആർട്ട് പേപ്പർ പോലെയുള്ള മറ്റ് കടലാസ് ഉൽപ്പന്നങ്ങളിലേക്ക് കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പുനരുദ്ധാരണം പൂർത്തിയാക്കി 3,200 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കമ്പനിയെ മാറ്റുകയാണ് ലക്ഷ്യം. നിലവിൽ 252 ജീവനക്കാരുള്ള സ്ഥാപനത്തിൽ ഭാവിയിൽ മൂവായിരം പേർക്ക് തൊഴിൽ നൽകാനാകും.
© Copyright - MTV News Kerala 2021
View Comments (0)