അറബിക്കടലിൽ നിന്നും കാലവര്‍ഷക്കാറ്റ് കരയിലേക്ക്: സംസ്ഥാനത്തിൻ്റെ വീണ്ടും മഴ സജീവമായി.

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം മെച്ചപ്പെടുന്നു. ഇന്നും വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

കാലവര്‍ഷക്കാറ്റിൻ്റെ ഗതിയും ശക്തിയും അനുകൂലമായതോടെയാണ് തുടക്കത്തിലെ മന്ദത വിട്ട് കാലവർഷം ഉഷാറായത്.  ഇന്ന് മുതൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ കൂടിയ മഴ ലഭിക്കും. തീരദേശങ്ങളിൽ തുടങ്ങി മലയോരമേഖലകളിലേക്ക് മഴ വ്യാപിക്കും എന്നാണ് പ്രവചനം. കാലവർഷം മെയ് 29ന് കേരളത്തിൽ എത്തിയെങ്കിലും കാറ്റിൻ്റെ ഗതിയും ശക്തിയും അനുകൂലമാകാത്തതിനാൽ മഴ കാര്യമായി കിട്ടിയിരുന്നില്ല. ഇതോടെ മഴ നിറയേണ്ട ജൂണ്‍ ആദ്യവാരത്തിൽ വെയിൽ കാരണം ഉഷ്ണം അനുഭവപ്പെടുന്ന അവസ്ഥയായി. മഴമേഘങ്ങളെ കേരളതീരത്തേക്ക് എത്തിക്കാൻ തക്ക ശക്തി കാറ്റിന് ഇല്ലാത്തതായിരുന്നു മഴ കുറയാൻ കാരണമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ നിഗമനം.

ഉത്തരേന്ത്യേക്ക് മുകളിൽ രൂപപ്പെട്ട വിപരീത അന്തരീക്ഷ ചുഴിയും മഴ കുറയാൻ കാരണമായി. ജൂണ്‍ ഒന്ന് മുതൽ ഇതുവരെയുള്ള കണക്ക് പ്രകാരം സാധാരണ കിട്ടേണ്ട മഴയേക്കാൾ 48 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ഭേദപ്പെട്ട മഴ ലഭിച്ചത് പത്തനംതിട്ടയിലും മലപ്പുറത്തും മാത്രം. കണ്ണൂർ, ഇടുക്കി, കാസർകോട്, പാലക്കാട്, വയനാട് ജില്ലകളിൽ മഴയിൽ കാര്യമായ കുറവുണ്ടായി.
മഴ മെച്ചപ്പെട്ടാലും ഇനിയുള്ള ദിവസങ്ങളിൽ പകൽമഴ കുറയാനാണ് സാധ്യത. രാത്രി കൂടുതൽ മഴ കിട്ടും. തുടർച്ചയായുള്ള മഴയ്‌ക്ക് പകരം ഇടവിട്ട് ഇടവിട്ടുള്ള മഴയ്ക്കാണ് സാധ്യത. ഈ വർഷം സാധാരണയിൽ കുറവ് മഴയാണ് കാലവര്ഷക്കാലത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.