തിരുവനന്തപുരം | വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സി പി എമ്മും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ കോണ്‍ഗ്രസും സംസ്ഥാനത്തെങ്ങും തെരുവിലിറങ്ങി പ്രതിഷേധിച്ചു. രാത്രി വൈകിയും തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളില്‍ പ്രതിഷേധമുണ്ടായി. പലയിടങ്ങളിലും ഇരുകൂട്ടരും എതിരാളികളുടെ കൊടിമരങ്ങളും ഫ്ലക്‌സ് ബോര്‍ഡുകളും തകര്‍ക്കുകയും ഓഫീസുകൾ ആക്രമിക്കുകയും ചെയ്തു.
കെ പി സി സി ആസ്ഥാനത്ത് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പി കെ പ്രശാന്ത് എം എല്‍ എയുടെ ഓഫീസിന് മുന്നിലേക്ക് കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തി. സംഘര്‍ഷത്തിലേക്ക് വഴിമാറിയതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതില്‍ പ്രതിഷേധിച്ച് രാത്രി ഒന്‍പതിന് ശേഷം ഡി വൈ എഫ് ഐക്കാര്‍ കെ പി സി സി ആസ്ഥാനത്തിന് മുന്നിലേക്ക് സംഘടിച്ചെത്തി.
ഡി വൈ എഫ് ഐ പ്രതിഷേധക്കാരെ നേരിടാന്‍ കോണ്‍ഗ്രസുകാര്‍ റോഡില്‍ നിലയുറപ്പിച്ചത് സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചു. വാഹനങ്ങള്‍ കുറുകെയിട്ടാണ് പോലീസ് സംഘര്‍ഷാവസ്ഥ തടഞ്ഞത്. അങ്ങോട്ടുമിങ്ങോട്ടും ഒന്നുരണ്ട് തവണ കല്ലേറുമുണ്ടായി. പിന്നീട് ഡി വൈ എഫ് ഐക്കാര്‍ പിരിഞ്ഞുപോയി.
കണ്ണൂരില്‍ കെ സുധാകരന്റെ ഭാര്യാവീടിന് നേരെ ആക്രമണമുണ്ടായി. കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. കെ പി സി സി ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ തിരുവനന്തപുരം വെള്ളയമ്പലത്ത് സി ഐ ടി യുടെ ഷെഡ് അടിച്ചുതകര്‍ത്തു. സി പി എമ്മിൻ്റെയും ഡി വൈ എഫ് ഐയുടെയും കൊടിമരങ്ങളുടെ മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ള സർക്കാർ പരിപാടിയുടെ ഫ്ലക്സും തകര്‍ത്തു. ഇരിട്ടിയില്‍ കോണ്‍ഗ്രസ്- ഡി വൈ എഫ് ഐ സംഘര്‍ഷമുണ്ടായി. പലര്‍ക്കും പരുക്കേറ്റു. വിലങ്ങാട് കോണ്‍ഗ്രസിന്റെ കൊടിമരം തകർത്തു.
പത്തനംതിട്ട മല്ലപ്പള്ളിയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസിന് നേരെ സിപിഎം അക്രമം. കല്ലെറിഞ്ഞു. കല്ലേറിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. രാത്രി എട്ട് മണിയോടെയാണ് സംഭവം സിപിഎം, ഡി വൈ എഫ് ഐ പ നേതാക്കളും പ്രവർത്തകരും പ്രകടനമായി എത്തിയാണ് ആക്രമിച്ചത്. അടൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായി.
© Copyright - MTV News Kerala 2021
View Comments (0)