ആലപ്പുഴ | ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലപ്പുഴയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. വാടക്കല്‍ മത്സ്യഗന്ധി ബീച്ചില്‍ പുലര്‍ച്ചെയാണ് രാഹുല്‍ ഗാന്ധി തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയത്. മത്സ്യ മേഖല നേരിടുന്ന ഒട്ടേറെ വിഷയങ്ങള്‍ തൊഴിലാളികള്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പിഎച്ച്ഡി ചെയ്യുന്ന കടപ്പുറത്തെ മത്സ്യത്തൊഴിലാളിയുടെ മകനായ രാഹുല്‍ ആയിരുന്നു രാഹുല്‍ ഗാന്ധിയോട് ആദ്യ ചോദ്യം ചോദിച്ചത്.
ഉന്നത വിദ്യാഭ്യാസത്തിന് യാതൊരു സഹായവും കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്നില്ലെന്ന പരാതിയാണ് രാഹുല്‍ ആദ്യം പങ്കുവെച്ചത്. ഫെലോഷിപ്പുകള്‍ ലഭിക്കുന്നില്ല. വിദ്യാഭ്യാസം നേടിയെടുത്താലും തൊഴില്‍ ലഭിക്കാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിനുശേഷം വിദേശരാജ്യങ്ങളിലേക്ക് എല്ലാവരും കുടിയേറുകയാണ്. പിറന്ന നാട്ടില്‍ ജോലി ചെയ്യുവാനുള്ള അവസരം കൂടി ഉണ്ടാകണമെന്നാണ് രാഹുലിന്റെ ആവശ്യം.
മറുപടി പറഞ്ഞ രാഹുല്‍ ഗാന്ധി ഇന്ന് നമ്മുടെ രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്ന വസ്തുത തുറന്നുകാട്ടി. സാധാരണക്കാരുടെ മക്കള്‍ക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കണം എന്നതിലോ തൊഴില്‍ ലഭിക്കണമെന്നതിലോ സര്‍ക്കാരുകള്‍ക്ക് താല്പര്യമൊന്നുമില്ല. കേന്ദ്രസര്‍ക്കാരിന് ആകെ താല്പര്യം ഉള്ളത് അവരുമായി അടുപ്പം പുലര്‍ത്തുന്ന രണ്ടോ മൂന്നോ സമ്പന്നരുടെ കാര്യങ്ങളില്‍ മാത്രമാണ്. രാജ്യത്തെ ചെറുകിട വ്യവസായികളുടെയും കര്‍ഷകരുടെയും സാധാരണ തൊഴിലാളികളുടെയും ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് യാതൊരു ആകുലതയുമില്ല. രാജ്യത്തെ പൗരന്മാര്‍ക്ക് ജോലി ലഭിക്കുക എന്നത് സര്‍ക്കാരിന്റെ കൂടി ഉത്തരവാദിത്വമാണ്.
സമ്പന്നര്‍ക്കുവേണ്ടിയുള്ള അവസരങ്ങള്‍ ഒരുക്കുക മാത്രമായി സര്‍ക്കാരിന്റെ പ്രവര്‍ത്തനമണ്ഡലം മാറിയെന്നും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടി. ഇന്ധന വിലവര്‍ദ്ധനവിനെ പറ്റിയും ഇന്ധനം വാങ്ങുന്നതിന് സബ്‌സിഡി ലഭിക്കാത്തതിനെപ്പറ്റിയുമായിരുന്നു മറ്റൊരു മത്സ്യത്തൊഴിലാളിയുടെ ചോദ്യം. മണ്ണെണ്ണയുടെ വില ലിറ്ററിന് 140 രൂപ വരെ എത്തിയിരിക്കുന്നു.
തങ്ങളുടെ പ്രയത്‌നത്തിനുള്ള വരുമാനം പലപ്പോഴും കിട്ടാറില്ല. മുമ്പ് ലഭിക്കുന്ന ഇന്ധന വിഹിതവും ഇപ്പോള്‍ ലഭിക്കുന്നില്ല. കേന്ദ്രത്തില്‍ യുപിഎ ഭരണം ഉണ്ടായിരുന്നപ്പോള്‍ നല്‍കിയ സബ്‌സിഡികള്‍ ഇന്ന് അട്ടിമറിക്കപ്പെട്ടതായും മത്സ്യത്തൊഴിലാളി ചൂണ്ടിക്കാട്ടി. മറുപടി പറഞ്ഞ രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ സാധാരണ തൊഴില്‍ വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എത്രത്തോളമാണെന്നതില്‍ കൃത്യമായ ധാരണ തനിക്കുണ്ടെന്ന് പറഞ്ഞു. സര്‍ക്കാര്‍ സാധാരണ തൊഴിലാളികള്‍ക്ക് സബ്‌സിഡി നല്‍കുന്നില്ലെങ്കിലും ഭരണകൂടവുമായി അടുപ്പം പുലര്‍ത്തുന്ന വന്‍കിട സമ്പന്നര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നുണ്ട്. തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട സബ്‌സിഡി എവിടേക്കാണ് പോകുന്നതെന്ന് എല്ലാവരും ചിന്തിക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ന്നു. മത്സ്യത്തൊഴിലാളികള്‍ മാത്രമല്ല കശുവണ്ടി, കയര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ സര്‍വ്വ തൊഴില്‍ മേഖലയിലും ഇതേ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു മത്സ്യത്തൊഴിലാളി പറഞ്ഞത് ക്ഷേമനിധി പദ്ധതിയുടെ അപര്യാപ്തതകളെ പറ്റിയാണ്. അതോടൊപ്പം അദാനി പോലെയുള്ള വന്‍കിട മുതലാളിമാര്‍ക്ക് വേണ്ടി ഭരണകൂടം മത്സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടി.
© Copyright - MTV News Kerala 2021
View Comments (0)