ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ പരാഗ്വെയെ തകർത്ത് ബ്രസീൽ മുന്നേറുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു കാനറിപ്പടയുടെ ജയം. അതേസമയം കൊളംബിയയോട് അവസാന മിനിറ്റിൽ ഗോൾ വഴങ്ങി അർജന്റീന ഒരിക്കൽ കൂടി സമനിലയിൽ കുരുങ്ങി.
പരാഗ്വെയിൽ നടന്ന മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ബ്രസീൽ ലീഡെടുത്തു. സൂപ്പർതാരം നെയ്മറാണ് ഗോൾ നേടിയത്. ഗബ്രിയേൽ ജെസ്യൂസ് നൽകിയ ഒന്നാന്തരം ക്രോസിൽ നിന്നായിരുന്നു നെയ്മർ പരാഗ്വെ വലകുലുക്കിയത്. മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ ബ്രസീൽ ലീഡുയർത്തി വിജയമുറപ്പിച്ചു. മധ്യനിരതാരം ലൂക്കാസ് പക്വേറ്റയാണ് ഇക്കുറി വലകുലുക്കിയത്. ഈ ഗോളിന് വഴിയൊരുക്കിയത് നെയ്മറും. ജയത്തോടെ യോഗ്യതാ റൗണ്ടിലെ ആറ് മത്സരങ്ങളിൽ എല്ലാം ജയിച്ച് 18 പോയിന്റുമായി ബ്രസീൽ കുതിപ്പ് തുടരുകയാണ്.
മറ്റൊരു മത്സരത്തിൽ കൊളംബിയക്കെതിരെ ആദ്യ എട്ട് മിനിറ്റിനുള്ളിൽ തന്നെ രണ്ട് ഗോൾ നേടി ലീഡെടുത്ത ശേഷമാണ് അർജന്റീന സമനില വഴങ്ങിയത്. മൂന്നാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോയും എട്ടാം മിനിറ്റിൽ ലിയാൻഡ്രോ പരേസഡസുമാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. 51-ാം മിനിറ്റിൽ ലൂയിസ് മ്യുറിയലും ഇഞ്ച്വറി ടൈമിൽ മിഗ്വേൽ ബോർജയുമാണ് കൊളംബിയക്കായി വലകുലുക്കിയത്. യോഗ്യതാ റൗണ്ടിൽ ആറ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് അർജന്റീനയ്ക്കുള്ളത്.
© Copyright - MTV News Kerala 2021
View Comments (0)