ഏകീകൃത നിറമല്ലെങ്കിൽ ഇന്ന് മുതൽ ഓടാന്‍ പറ്റില്ല; ടൂറിസ്റ്റ് ബസുകൾക്ക് കൂച്ചുവിലങ്ങ്

MTV News 0
Share:
MTV News Kerala

ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനം തടയാൻ കർശനമാക്കിയ മാനദണ്ഡങ്ങൾ ഇന്ന് മുതൽ നടപ്പാക്കും. യൂണിഫോം കളർ കോഡിൽ അല്ലാത്ത ബസുകൾ ഇന്ന് മുതൽ ഓടാൻ അനുവദിക്കില്ലന്നാണ് ഗതാഗത മന്ത്രി അറിയിച്ചിരിക്കുന്നത്. വെള്ള നിറവും വയലറ്റ് വരയുമെന്ന യൂണിഫോം കോഡ് നടപ്പാക്കാൻ നേരത്തെ ഡിസംബർ വരെ സമയം നൽകിയിരുന്നു. എന്നാൽ ഇന്നലത്തെ ഉന്നതതല യോഗത്തിലാണ് ഇന്ന് മുതൽ നടപ്പാക്കാൻ തീരുമാനിച്ചത്.

ഒറ്റ ദിവസം കൊണ്ട് പെയിൻ്റ് മാറ്റിയടിച്ച് സർവീസിന് ഇറങ്ങുക പ്രായോഗികമല്ലന്ന് കാണിച്ച് ബസ് ഉടമകൾ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഇക്കാര്യം അറിയിക്കാൻ മന്ത്രിയെ നേരിൽ കാണാനും ആലോചനയുണ്ട്. ജി.പി. എസ് ഘടിപ്പിക്കാത്ത വാഹനങ്ങൾക്കും ഇന്ന് മുതൽ സർവീസ് നടത്താനാവില്ല. അനധികൃത ലൈറ്റ് ,ശബ്ദ സംവിധാനം ,രൂപമാറ്റം തുടങ്ങിയവയ്ക്ക് അയ്യായിരത്തിൽ നിന്ന് പതിനായിരമായി വർധിപ്പിച്ച പിഴയും ഇന്ന് മുതൽ ഈടാക്കിയേക്കും. നിയമ ലംഘനമുള്ള ബസുകൾ ഇന്ന് മുതൽ നിരത്തിലിറങ്ങരുതെന്ന് ഹൈക്കോടതിയും പറഞ്ഞതോടെ ടൂറിസ്റ്റ് ബസ് സർവീസിന് കൂച്ചുവിലങ്ങ് വീണ അവസ്ഥയാണ്.