സന്ദീപ് വാര്യർക്കെതിരായ നടപടിയില് ഒരു വിഭാഗത്തിന് കടുത്ത അമർഷമാണുള്ളത്. കെ.സുരേന്ദ്രൻ്റെ ഫെയ്സ്ബുക്ക് പേജിൽ വാര്യർ അനുകൂലികളുടെ പൊങ്കാല നിറയുകയാണ്. ബി.ജെ.പിയിൽ നടക്കുന്നത് ഗ്രൂപ്പ് പ്രവർത്തനമെന്നാണ് അണികളുടെ അഭിപ്രായം. കെ സുരേന്ദ്രനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. രാജിവച്ചു പുറത്തുപോകൂ എന്നും അങ്ങനെയെങ്കിലും ബിജെപി നന്നാവട്ടെയെന്നുമാണ് ഒരു കമന്റ്.
കഴിഞ്ഞദിവസമാണ് ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്നും സന്ദീപ് വാര്യരെ നീക്കിയത്.സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നായിരുന്നു കോട്ടയത്ത് ചേർന്ന കോർകമ്മിറ്റി യോഗത്തിൻ്റെ നടപടി. സംഘടനാപരമായ നടപടി എന്തിൻ്റെ പേരിലാണെന്ന് മാധ്യമങ്ങളോട് പറയാൻ കഴിയില്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു.
പാർട്ടിയുടെ പേരിൽ സന്ദീപ് വാര്യർ ലക്ഷങ്ങൾ അനധികൃതമായി പിരിച്ചെന്ന് നാല് ജില്ലാ അധ്യക്ഷന്മാർ പരാതിപ്പെട്ടിരുന്നു. ഇതിൻ്റെ പേരിലാണ് നടപടി.
അതേസമയം കെ.സുരേന്ദ്രൻ്റെ മകൻ്റെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സന്ദീപ് വാര്യർ സ്വീകരിച്ച നിലപാടാണ് സ്ഥാനത്ത് നിന്നും നീക്കുവാൻ കാരണമെന്നാണ് മറുപക്ഷം ആരോപിക്കുന്നു. ആരോപണ പ്രത്യാരോപണങ്ങൾ വരുംദിവസങ്ങളിൽ ബി.ജെ.പിയിൽ കൂടുതൽ വിഭാഗീയതയ്ക്കാവും വഴിയൊരുക്കുക.
© Copyright - MTV News Kerala 2021
View Comments (0)