സുനുവിന്റെ തൊപ്പി തെറിച്ചു; ബലാത്സംഗം അടക്കമുള്ള കേസുകള്‍, 15 തവണ നടപടി, പിരിച്ചുവിട്ട് ഡിജിപി.

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: ബലാത്സംഗം അടക്കമുള്ള കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സി.ഐ. പി.ആർ.സുനുവിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. തിങ്കളാഴ്ച സംസ്ഥാന പോലീസ് മേധാവിയാണ് സുനുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്. പോലീസ് ആക്ടിലെ 86-ാം വകുപ്പ് പ്രകാരമാണ് നടപടി. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് പിരിച്ചുവിടുന്നത്.

തുടർച്ചയായി കുറ്റകൃത്യം ചെയ്യുന്നയാൾ പോലീസിൽ തുടരാൻ യോഗ്യനല്ലെന്നാണ് ഡി.ജി.പി.യുടെ ഉത്തരവിൽ പറയുന്നത്. ബലാത്സംഗം അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളാണ് സുനുവിനെതിരേയുള്ളത്. ഇതിൽ നാലെണ്ണം പീഡനവുമായി ബന്ധപ്പെട്ട കേസുകളാണ്. 15 തവണ ഇയാൾക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ചു. സർവീസ് കാലയളവിൽ ആറ് സസ്പെൻഷനും കിട്ടി. ഏറ്റവും ഒടുവിൽ തൃക്കാക്കര പോലീസ് സ്റ്റേഷനിലാണ് സുനുവിനെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. തട്ടിപ്പുകേസിലെ പ്രതിയുടെ ഭാര്യയായിരുന്നു പരാതിക്കാരി.

ഭർത്താവിനെ കേസിൽനിന്ന് രക്ഷിക്കാമെന്ന് പറഞ്ഞ് സി.ഐ. അടുപ്പംസ്ഥാപിച്ചെന്നും പിന്നീട് ഭർത്താവിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ പീഡിപ്പിച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം. തുടർന്ന് കൊച്ചിയിൽനിന്നുള്ള പോലീസ് സംഘം ബേപ്പൂർ സ്റ്റേഷനിലെത്തി സുനുവിനെ കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യംചെയ്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയില്ല. സുനുവിനെതിരേ തെളിവില്ലെന്നായിരുന്നു പോലീസിന്റെ വിശദീകരണം. തൃക്കാക്കര പീഡനക്കേസിൽ എ.സി.പി. സമർപ്പിച്ച റിപ്പോർട്ടിലും സി.ഐ.ക്കെതിരേ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് വിശദീകരിച്ചിരുന്നത്. ആരോപണങ്ങളുടെ പേരിൽ നടപടിയെടുക്കാനാവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

തൃക്കാക്കര കേസുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ സുനുവിനോട് നേരിട്ട് ഹാജരാകാൻ ഡി.ജി.പി. നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11-മണിക്ക് ഡി.ജി.പി.യുടെ ചേംബറിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് സുനുവിനോട് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഡി.ജി.പിക്ക് മുന്നിൽ ഹാജരാകാതിരുന്ന സുനു, ചികിത്സയിലാണെന്നും 15 ദിവസം കൂടി സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇ-മെയിൽ അയക്കുകയായിരുന്നു. പിന്നീട് ഓൺലൈൻ വഴി വിശദീകരണം നൽകി. ഇതിനുശേഷമാണ് സുനുവിനെ പിരിച്ചുവിട്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.

Share:
MTV News Keralaതിരുവനന്തപുരം: ബലാത്സംഗം അടക്കമുള്ള കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സി.ഐ. പി.ആർ.സുനുവിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. തിങ്കളാഴ്ച സംസ്ഥാന പോലീസ് മേധാവിയാണ് സുനുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്. പോലീസ് ആക്ടിലെ 86-ാം വകുപ്പ് പ്രകാരമാണ് നടപടി. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് പിരിച്ചുവിടുന്നത്. തുടർച്ചയായി കുറ്റകൃത്യം ചെയ്യുന്നയാൾ പോലീസിൽ തുടരാൻ യോഗ്യനല്ലെന്നാണ് ഡി.ജി.പി.യുടെ ഉത്തരവിൽ പറയുന്നത്. ബലാത്സംഗം അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളാണ് സുനുവിനെതിരേയുള്ളത്. ഇതിൽ നാലെണ്ണം പീഡനവുമായി ബന്ധപ്പെട്ട കേസുകളാണ്....സുനുവിന്റെ തൊപ്പി തെറിച്ചു; ബലാത്സംഗം അടക്കമുള്ള കേസുകള്‍, 15 തവണ നടപടി, പിരിച്ചുവിട്ട് ഡിജിപി.