◾ബജറ്റില്‍ ചുമത്തിയ രണ്ടു രൂപയുടെ ഇന്ധന സെസ് ഒരു രൂപയാക്കി കുറച്ചേക്കും. ജനരോഷം കണക്കിലെടുത്ത് ഇന്ധന സെസ് കുറയ്ക്കണമെന്നാണു സിപിഎമ്മിലെയും എല്‍ഡിഎഫിലേയും നിരവധി നേതാക്കളുടെ നിലപാട്. കേരളത്തിനുള്ള വരുമാനം വെട്ടിക്കുറച്ചെന്ന് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പടുത്തിയാണ് ഇടതു നേതാക്കള്‍ നികുതി വര്‍ദ്ധനവിനെ ന്യായീകരിക്കുന്നത്.
◾സംസ്ഥാനത്ത് ഇനി ഹര്‍ത്താല്‍ നടത്തില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. എന്നാല്‍ സംസ്ഥാന ബജറ്റിനെതിരെ തീപാറുന്ന സമരം നയിക്കുമെന്നും സുധാകരന്‍ പ്രഖ്യാപിച്ചു.
◾മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും എറണാകുളം ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. 40 മിനിറ്റോളം ഇരുവരും സംസാരിച്ചു. ഹൈക്കോടതി ജഡ്ജിമാര്‍ക്കെന്ന പേരില്‍ സീനിയര്‍ അഭിഭാഷകന്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കേയാണ് കൂടിക്കാഴ്ച.
◾പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ഈ വര്‍ഷം രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ച വാണി ജയറാമിന്റെ അന്ത്യം ചെന്നൈയിലെ വസതിയിലായിരുന്നു.തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങള്‍ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നു തവണ നേടിയിട്ടുണ്ട്.
◾ഇന്ധന വിലവര്‍ധയില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ മുഖ്യമന്ത്രി താമസിച്ച ഗസ്റ്റ് ഹൗസിന് മുന്നില്‍ കരിങ്കൊടിയുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. നാലു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മിന്നല്‍ പ്രതിഷേധം നടത്തിയത്.
◾നികുതിക്കൊള്ളയ്ക്കെതിരെ കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കുന്നു. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ റാലികളും ധര്‍ണയും നടന്നു. ചിലയിടങ്ങളില്‍ ബജറ്റ് കത്തിച്ചായിരുന്നു സമരം. വെകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്തും.
◾ഇന്ധന വില ഇത്രയേറെ വര്‍ധിക്കാന്‍ കാരണം കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തിനുള്ള കേന്ദ്ര വിഹിതം നാല്‍പതിനായിരം കോടി രൂപ വെട്ടിക്കുറച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് വരുമാന വര്‍ദ്ധന ആവശ്യമാണ്. അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
◾പെട്രോള്‍, ഡീസല്‍ സെസ് അടക്കമുള്ള നികുതി വര്‍ധന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും നല്‍കാനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്രം പണം തന്നില്ലെങ്കില്‍ ശമ്പളം കൊടുക്കേണ്ടേയെന്നും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
◾ഇന്ധനവിലവര്‍ദ്ധനക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റ് ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. നികുതിക്കൊള്ളയാണിത്. യു.ഡി.എഫ് സമര പരിപാടികള്‍ ആറാം തീയതി തീരുമാനിക്കും. ജനരോഷത്തില്‍ എല്‍ഡിഎഫ് മണ്ണാങ്കട്ടപോലെ അലിഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു.
◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അഞ്ചു സീറ്റു നേടുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കര്‍. കേരളത്തിലെ ഇടത് സര്‍ക്കാര്‍ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്ന് ജാവദേക്കര്‍ കുറ്റപ്പെടുത്തി.
◾നികുതി വര്‍ധിപ്പിച്ച കേരള ബജറ്റ് വിശേഷങ്ങള്‍ക്ക് ഇന്നു വിവിധ മലയാളം പത്രങ്ങള്‍ നല്‍കിയ തലക്കെട്ടുകള്‍ കൗതുകമുള്ളവയായി. മലയാള മനോരമ ‘അടിയോടടി അയ്യോ’ എന്നും മാതൃഭൂമി ‘വഴിയാധാരം’ എന്നും തലക്കെട്ടു നല്‍കി. സിപിഎം മുഖപത്രമായ ദേശാഭിമാനി ‘കെ സ്റ്റാര്‍’ എന്നാണു വിശേഷിപ്പിച്ചത്. തീവെട്ടിക്കൊള്ള എന്ന തലക്കെട്ടുമായി പുറത്തിറങ്ങിയത് കേരള കൗമുദിയും കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണവും. മറ്റു പത്രങ്ങളുടെ തലക്കെട്ടുകള്‍ ഇങ്ങനെ: പിടിച്ചുപറി- മാധ്യമം, ഇന്ധനക്കൊള്ള- ദീപിക, പകല്‍ക്കൊള്ള- ചന്ദ്രിക, ഷോക്ക് ഇന്‍ കേരള- മംഗളം, വികസന ഭാരം- മെട്രോ വാര്‍ത്ത, നികുതിക്കിറ്റ് – സുപ്രഭാതം, ടാക്സ് ഷോക്ക്- ന്യൂ ഏജ്, വികസനക്കുതിപ്പ്, സാമൂഹ്യ സുരക്ഷ- ജനയുഗം, തലയ്ക്കടിച്ച് -ജന്മഭൂമി.
◾സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ആനാവൂര്‍ പക്ഷത്തിനെതിരെ വിമര്‍ശനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കം അഞ്ചു സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ സംഘടനാ സംവിധാനത്തിലെ പിഴവുകളും നേതാക്കളുടെ സ്വഭാവദൂഷ്യവും ചൂണ്ടിക്കാട്ടി വിമര്‍ശനം ഉയര്‍ന്നു. തിരുത്തല്‍ വേണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. ലഹരി, പീഡന കേസുകള്‍, നിയമനത്തട്ടിപ്പ്, സാമ്പത്തിക തിരിമറി തുടങ്ങിയ ആരോപണങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍പോലും കുടുങ്ങിയ സാഹചര്യത്തിലാണ് വിമര്‍ശനം.
◾ജനിക്കാത്ത കുട്ടിയുടെ പേരില്‍ വ്യാജമായി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതിന് കളമശേരി മെഡിക്കല്‍ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറിനെതിരെ പൊലീസ് കേസെടുത്തു. താല്‍ക്കാലിക ജീവനക്കാരി നല്‍കിയ പരാതിയിലാണ് നടപടി.
◾ഹൈക്കോടതി അനുമതിയോടെ പതിനേഴുകാരി ദേവനന്ദ കരള്‍ പകുത്തു നല്‍കുന്ന അച്ഛന്‍ പ്രതീഷിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു ബി നെഗറ്റീവ് രക്തം വേണം. എറണാകുളം രാജഗിരിയില്‍ ഒമ്പതിനാണു ശസ്ത്രക്രിയ. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ആറാം തീയതി മുതല്‍ രണ്ടു ദിവസത്തിനകം 15 പേരുടെ രക്തം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. തയ്യാറുള്ള ദാതാക്കള്‍ ബന്ധപ്പെടുക: വിവേക്- 98476 96968.
◾പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കാര്‍ കത്തി ഗര്‍ഭിണിയും ഭര്‍ത്താവും വെന്തു മരിച്ച സംഭവത്തില്‍ കാറിലുണ്ടായിരുന്ന കുപ്പിയില്‍ പെട്രോളല്ല, വെള്ളമായിരുന്നെന്ന് മരിച്ച ഗര്‍ഭിണി റീഷയുടെ അച്ഛന്‍ കെ.കെ. വിശ്വനാഥന്‍. പെട്രോള്‍ കുപ്പിയിലാക്കി സൂക്ഷിച്ചതിനാലാണ് തീ ആളിക്കത്തിയതെന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍ ശരിയല്ല. കാറില്‍ ആവശ്യത്തിന് ഇന്ധനം നിറച്ചിരുന്നെന്നും വിശ്വനാഥന്‍ പറഞ്ഞു.
◾ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ പരിഹസിച്ച് മുന്‍ കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. വരുമാനം വര്‍ധിപ്പിക്കുന്നത് ധാര്‍മിക മൂല്യങ്ങള്‍ ബലി കഴിച്ചെന്ന് ചിദംബരം കുറ്റപ്പെടുത്തി. നികുതി ചുമത്തി രണ്ടായിരം കോടി പിരിച്ചെടുത്ത് അത്രയും തുക ചെലവാക്കി നാണ്യപ്പെരുപ്പം തടയാന്‍ ശ്രമിക്കുകയാണെന്നാണ് ട്വിറ്ററിലെ പരിഹാസ പോസ്റ്റ്.
◾പാലക്കാട് മുതലമട ഗ്രാമപഞ്ചായത്തില്‍ സിപിഎമ്മിനു ഭരണം നഷ്ടമായി. രണ്ടു സ്വതന്ത്ര അംഗങ്ങളുടെ അവിശ്വാസ പ്രമേയം പാസായി. കോണ്‍ഗ്രസ് പിന്തുണയോടെ അവതരിപ്പിച്ച അവിശ്വാസ പ്രമേയം എട്ടിനെതിരെ പതിനൊന്ന് അംഗങ്ങളുടെ പിന്തുണയോടെയാണ് പാസായത്. മൂന്ന് ബിജെപി അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.
◾വഞ്ചനാക്കേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെന്ന കേസിലാണ് ബാബുരാജിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
◾തലയെടുപ്പുള്ള കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു റിക്കാര്‍ഡ് ഏക്ക തുക. ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തില്‍ എഴുന്നള്ളിക്കാന്‍ ആറേമുക്കാല്‍ ലക്ഷം രൂപയാണ് പ്രതിഫലമായി നല്‍കിയത്. സാധാരണ ആനകള്‍ക്കു രണ്ടര ലക്ഷം രൂപ വരെയാണ് ഏക്കതുക. ചാവക്കാട് പുഞ്ചിരി പൂരഘോഷ കമ്മറ്റിയാണ് ആനയെ ഇത്രയും വലിയ തുകക്ക് ഏക്കത്തിനെടുത്തത്.
◾മലപ്പുറം വേങ്ങരയില്‍ ബീഹാര്‍ സ്വദേശിയെ കൊലപ്പെടുത്തിയതിന് ഭാര്യ അറസ്റ്റിലായി. ബീഹാര്‍ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകന്‍ സന്‍ജിത് പസ്വാന്‍ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യയും വൈശാലി ബക്കരി സുഭിയാന്‍ സ്വദേശിനിയായ പുനം ദേവി (30)യെയാണ് അറസ്റ്റിലാത്. ഭാര്യയും കുട്ടികളുമുള്ള ഒരു യുവാവുമായുള്ള പ്രണയം ഭര്‍ത്താവ് ചോദ്യം ചെയ്തതോടെയാണ് വകവരുത്താന്‍ തീരുമാനിച്ചത്.
◾ഓടുന്ന ട്രെയിനില്‍ നിന്നും സഹയാത്രികന്‍ തള്ളിയിട്ട ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് വടകര മുക്കാളിയില്‍ എത്തിയപ്പോഴാണ് ആസാം സ്വദേശിയായ മുഫാദൂര്‍ ഇസ്ലാം എന്നയാള്‍ വിവേകിനെ പുറത്തേക്കു തള്ളിയിട്ടത്.
◾തിരുവനന്തപുരം മ്യൂസിയത്തില്‍ വീണ്ടും സ്ത്രീയ്ക്കു നേരെ അതിക്രമം. രാത്രി പതിനൊന്നരയോടെ കനക നഗര്‍ റോഡിലാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സാഹിത്യ ഫെസ്റ്റിനുശേഷം താമസ സ്ഥലത്തേക്കു മടങ്ങവേയാണ് ആക്രമണം. മാല പൊട്ടിക്കാനാണു ശ്രമിച്ചതെന്നാണു പോലീസ് കരുതുന്നത്.
◾കുന്നംകുളത്ത് കല്ലഴി പൂരത്തിനിടയില്‍ ആനയിടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞ് പാപ്പാന്‍മാരെ ആക്രമിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെ ഇടഞ്ഞ ആനയെ വെളുപ്പിനു നാലോടെയാണ് തളച്ചത്.
◾കേസ് കഴിഞ്ഞ് കുടുംബ കോടതിയില്‍നിന്ന് ഇറങ്ങിയ യുവതിയെ ആക്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കല്ലറ കുറുമ്പയം കഴുകന്‍ പച്ച വി.സി.ഭവനില്‍ രഞ്ജിത്തിനെ(35)യാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത്.
◾അദാനിക്കെതിരെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം തുടങ്ങി. സമീപകാലത്ത് നടത്തിയ ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്. കോര്‍പ്പറേറ്റ് കാര്യ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമികമായ അന്വേഷണം. സെബിയും അദാനിക്കെതിരെ പ്രാഥമികമായ അന്വേഷണം തുടങ്ങി.
◾അദാനി ഗ്രൂപ്പിന്റെ പ്രതിസന്ധി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനേയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയേയും ബാധിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അദാനി ഗ്രൂപ്പുമായി നടത്തിയ ഇടപാടുകള്‍ പരിശോധിച്ചിട്ടുണ്ട്. അനുവദനീയമായ തോതിലേ നിക്ഷേപവും വായ്പയും നല്‍കിയിട്ടുള്ളൂവെന്നും നിര്‍മ്മല സീതാരാമന്‍. അദാനി ഗ്രൂപ്പില്‍ എല്‍ഐസി 30,000 കോടി രൂപ നിക്ഷേപിക്കുകയും എസ്ബിഐ 22,000 കോടി രൂപ വായ്പ നല്കുകയും ചെയ്തിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.
◾കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ വിവിധ സംസ്ഥാനങ്ങളിലേക്ക്. ഇന്നും നാളെയുമായി വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രചാരണ പരിപാടികളില്‍ മന്ത്രിമാരും ബിജെപി നേതാക്കളും ബജറ്റിലെ വാഗ്ദാനങ്ങള്‍ വിശദീകരിക്കും. ടൂറിസം മന്ത്രി കിഷന്‍ റെഡ്ഡി കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രസംഗിക്കും. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍ കര്‍ണാടകയിലും, രാജീവ് ചന്ദ്രശേഖര്‍ തമിഴ്നാട്ടിലും പ്രചാരണം നടത്തും. പന്ത്രണ്ട് വരെയാണ് ബിജെപിയുടെ രാജ്യവ്യാപക ബജറ്റ് പ്രചാരണം.
◾അഗ്നിവീര്‍ റിക്രൂട്ട്മെന്റിന് ഇനി ഓണ്‍ലൈന്‍ പരീക്ഷയുമായി കരസേന. അപേക്ഷകരുടെ തള്ളിക്കയറ്റം നിയന്ത്രിക്കാനാണ് ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷ ആദ്യം നടത്തുന്നത്. പരീക്ഷ പാസായവര്‍ക്കു മാത്രമേ കായിക ക്ഷമത പരിശോധനയും മെഡിക്കല്‍ പരിശോധനയും നടത്തൂ. നേരത്തെ കായികക്ഷമത, മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമായിരുന്നു പൊതു പ്രവേശന പരീക്ഷ.
◾2019 ലെ ജാമിയ മിലിയ സംഘര്‍ഷ കേസില്‍ ഷര്‍ജീല്‍ ഇമാമിനെയും ആസിഫ് തന്‍ഹയേയും ഡല്‍ഹി കോടതി വെറുതെ വിട്ടു.
◾കേന്ദ്ര ബജറ്റ് കത്തിച്ച് പ്രതിഷേധിക്കാന്‍ സിപിഎം കര്‍ഷക സംഘടന. ഈ മാസം ഒമ്പതിന് കരിദിനം ആചരിക്കുമെന്നും അഖിലേന്ത്യ കിസാന്‍ സഭയുടെ നേതാക്കള്‍ അറിയിച്ചു.
◾ബംഗളൂരുവില്‍ ദമ്പതികള്‍ക്കെതിരേ സദാചാരഗുണ്ടായിസം കാണിച്ച് കൈക്കൂലി വാങ്ങിയ രണ്ടു പൊലീസുകാരെ പിരിച്ചുവിട്ടു. ഇവര്‍ക്കെതിരേ കേസെടുത്തിട്ടുമുണ്ട്. സംപിഗെഹള്ളിയില്‍ രാത്രി വീട്ടിലേക്ക് നടക്കുകയായിരുന്ന ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ രാജേഷ്, നാഗേഷ് എന്നീ കോണ്‍സ്റ്റബിള്‍മാരെയാണ് പിരിച്ചുവിട്ടത്.
◾കര്‍ണാടകയിലെ രാമനഗരയില്‍ ഏഴംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഒരാള്‍ മരിച്ചു. കുട്ടികളടക്കം ആറു പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടബാധ്യതയെത്തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നു ബന്ധുക്കള്‍ പറയുന്നു.
◾ഇറ്റാലിയന്‍ അധോലോക സംഘത്തലവനെ ഫ്രാന്‍സിലെ റസ്റ്റോറന്റില്‍നിന്ന് പിടികൂടി. 17 വര്‍ഷമായി ഒളിജീവിതം നയിച്ച ‘അപകടകാരിയായ ഒളിച്ചോട്ടക്കാരന്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഡ്ഗാര്‍ഡോ ഗ്രെക്കോ എന്ന 63 വയസുകാരനാണ് പിടിയിലായത്. ഫ്രാന്‍സിലെ സെന്റ് എറ്റിയെനിലെ റസ്റ്റോറന്റില്‍ പിസാ ഷെഫായി പ്രവര്‍ത്തിക്കുകയായിരുന്നു ഇയാള്‍. കൊലപാതകങ്ങള്‍, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ അനേകം കേസുകള്‍ ഇയാള്‍ക്കെതിരേ നിലവിലുണ്ട്.
◾മൃഗശാലയിലെ മൃഗങ്ങളെ കൊന്ന് ക്രിസ്മസ് ആഘോഷ വിരുന്ന് ഒരുക്കിയ മൃഗശാല ഡയറക്ടര്‍ക്കെതിരെ കേസ്. തെക്കന്‍ മെക്‌സിക്കോ മൃഗശാലയിലെ മുന്‍ ഡയറക്ടറായ ജോസ് റൂബന്‍ നവയ്ക്കെതിരെയാണ് കേസെടുത്തത്. മൃഗശാലയിലെ നാല് പിഗ്മി ആടുകളെയാണ് ഇയാള്‍ ക്രിസ്മസ് ആഘോഷത്തിനായി കൊന്ന് കറിയാക്കിയത്.
◾ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ലാഭം രേഖപ്പെടുത്തി ഇന്‍ഡിഗോ വിമാനക്കമ്പനി ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍. കഴിഞ്ഞ മൂന്ന് പാദങ്ങളിലും കമ്പനിയുടെ പ്രവര്‍ത്തനം നഷ്ടത്തിലായിരുന്നു. ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ 1,422 കോടി രൂപയുടെ അറ്റാദായമാണ് ഇന്‍ഡിഗോ നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 129 കോടി രൂപയായിരുന്നു അറ്റാദായം. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 1000 ശതമാനത്തോളം ഉയര്‍ച്ചയാണ് അറ്റാദായത്തില്‍ ഉണ്ടായത്. ഇക്കാലയളവില്‍ വരുമാനം 60.7 ശതമാനം ഉയര്‍ന്ന് 14,933 കോടി രൂപയിലെത്തി. 13,986 കോടി രൂപയാണ് മൂന്നാം പാദത്തിലെ ചെലവ്. 50 ശതമാനമാണ് ചെലവിലുണ്ടായ വര്‍ധനവ്. മൂന്ന് മാസക്കാലയളവില്‍ 22 പുതിയ എയര്‍ക്രാഫ്റ്റുകളാണ് ഇന്‍ഡിഗോ വാങ്ങിയത്. 97 ഇടങ്ങളിലേക്കായി ദിവസവും ഇന്‍ഡിഗോ നടത്തുന്നത് 1,700ഓളം സര്‍വീസുകളാണ്. ജക്കാര്‍ത്ത, നെയ്‌റോബി എന്നിവിടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. അന്താരാഷ്ട്ര സര്‍വീസുകളില്‍ യാത്രക്കാരെ വഹിക്കാനുള്ള ശേഷി അടുത്ത സാമ്പത്തിക വര്‍ഷം 30 ശതമാനത്തോളം ഉയര്‍ത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
◾ദിവസേന ഫേസ്ബുക്ക് ഉപയോഗിക്കുന്ന സജീവ ഉപയോക്താക്കളുടെ കണക്കുകള്‍ പുറത്തുവിട്ട് മെറ്റ. ഫേസ്ബുക്കിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ആദ്യ മൂന്ന് രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യയുമുണ്ട്. സോഷ്യല്‍ മീഡിയ മേജര്‍ മെറ്റ റെഗുലേറ്ററി ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. 2022 ഡിസംബര്‍ വരെയുള്ള കണക്കുകളാണ് ഫേസ്ബുക്ക് പുറത്തുവിട്ടിരിക്കുന്നത്. 2021 ഡിസംബറിലെ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ നിന്നുള്ള സജീവ ഉപയോക്താക്കളുടെ എണ്ണം 1.93 ബില്യണാണ്. എന്നാല്‍, ഒരു വര്‍ഷം പിന്നിടുമ്പോള്‍ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ 4 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ ഫിലിപ്പീന്‍സ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളാണ് പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ ഉള്ളത്. ഒരു നിശ്ചിത ദിവസം വെബ്‌സൈറ്റ് വഴിയോ മൊബൈലിലൂടെയോ ഫേസ്ബുക്ക് സന്ദര്‍ശിക്കുകയോ മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയോ ചെയ്ത, രജിസ്റ്റര്‍ ചെയ്തതും ലോഗിന്‍ ചെയ്തതുമായ ഫേസ്ബുക്ക് ഉപയോക്താവിനെയാണ് കമ്പനി പ്രതിദിന സജീവ ഉപയോക്താവായി നിര്‍വചിക്കുന്നത്. പ്രതിമാസ സജീവ ഉപയോക്താക്കളുടെ കാര്യത്തിലും മികച്ച സംഭാവന നല്‍കുന്നവരില്‍ ഇന്ത്യ ഉണ്ടായിരുന്നു.
◾സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘എങ്കിലും ചന്ദ്രികേ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. സുഹൃത്തുക്കള്‍ക്ക് ഇടയിലെ വിവാഹത്തെയും പ്രണയത്തെയും ചുറ്റിപ്പറ്റിയുള്ള സിനിമയാണ് ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നല്‍മ്മത്തിന് പ്രധാന്യം നല്‍കി കൊണ്ടുള്ള ഫീല്‍ ഗുഡ്- ഫാമിലി- കോമഡി എന്റര്‍ടെയ്നര്‍ ആയിരിക്കും ചിത്രമെന്നും ട്രെയിലര്‍ ഉറപ്പ് നല്‍കുന്നു. ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളില്‍ എത്തും. നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖര്‍ ആണ് ‘എങ്കിലും ചന്ദ്രികേ’ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സൈജു കുറുപ്പും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആദിത്യന്‍ ചന്ദ്രശേഖരനും അര്‍ജുന്‍ നാരായണനും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. തന്‍വി റാം, അഭിരാം രാധാകൃഷ്ണന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നിരഞ്ജന അനൂപാണ് നായിക. ‘ചന്ദ്രിക’ എന്ന ടൈറ്റില്‍ റോളില്‍ ആണ് താരം എത്തുക. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
◾ഉദയകൃഷ്ണ, ബി ഉണ്ണികൃഷ്ണന്‍, മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി 9 ന് ആണ്. റിലീസിന് ദിനങ്ങള്‍ മാത്രം ശേഷിക്കെ രണ്ടാമത്തെ ടീസര്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ചിത്രത്തിലെ വന്‍ താരനിരയെ അണിനിരത്തിയിട്ടുണ്ട്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. രണ്ടര മണിക്കൂര്‍ ആണ് ദൈര്‍ഘ്യം. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.
◾സൗരോര്‍ജത്തിലും പ്രവര്‍ത്തിക്കുന്ന ഒരു വാഹനം അവതരിപ്പിച്ചിരിക്കുകയാണ് അപ്‌റ്റേര മോട്ടോഴ്‌സ്. മൂന്നു ചക്രങ്ങളുള്ള, സൗരോര്‍ജത്തില്‍ ഓടുന്ന ഈ കാര്‍ റീചാര്‍ജ് ചെയ്യേണ്ട ആവശ്യം പോലും പലപ്പോഴും വരുന്നില്ല. ദിവസം ഒരിക്കല്‍ പോലും ചാര്‍ജ് ചെയ്യാതെ 64 കിലോമീറ്റര്‍ വരെ സൗരോര്‍ജം ഉപയോഗിച്ച് ഓടാനാവുമെന്നതാണ് അപ്‌റ്റേരയുടെ ഈ കാറിന്റെ പ്രധാന സവിശേഷത. മലിനീകരണം ഇല്ലാത്ത, എന്നാല്‍ കാറിന്റെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ വാഹനത്തിന് 33,200 ഡോളറാണ് (ഏകദേശം 27.31 ലക്ഷം രൂപ) കമ്പനി വിലയിട്ടിരിക്കുന്നത്. ഈ കാറില്‍ 37 ചതുരശ്ര അടിയിലായി സജ്ജീകരിച്ചിരിക്കുന്ന സൗരോര്‍ജ പാനലുകള്‍ക്ക് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ വൈദ്യുതി ഉല്‍പാദിപ്പിക്കാനാവും. മറ്റു വൈദ്യുതി, ഹൈബ്രിഡ് വാഹനങ്ങളെ അപേക്ഷിച്ച് നാലിലൊന്ന് ഇന്ധനം മതിയെന്നതും അപ്‌റ്റേരയുടെ മികവ് കൂട്ടുന്നു. ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്ന വാഹനത്തില്‍ 42 കിലോവാട്ടിന്റെ ബാറ്ററിയും സജ്ജീകരിച്ചിട്ടുണ്ട്. ഒറ്റ ചാര്‍ജില്‍ 640 കിലോമീറ്റര്‍ വരെ പോകാന്‍ ഈ ബാറ്ററി സഹായിക്കും. ഇതിന് പുറമേയാണ് സൗരോര്‍ജ ഇന്ധനം. സാധാരണ 110 വോള്‍ട്ട് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ മണിക്കൂറില്‍ 21 മൈല്‍ വരെ സഞ്ചരിക്കാന്‍ വേണ്ട ഊര്‍ജം സംഭരിക്കാനാവും. ലോഞ്ച് എഡിഷന്‍ മോഡലുകളായിരിക്കും ആദ്യത്തെ 5,000 അപ്‌റ്റേര കാറുകള്‍. ഭാവിയില്‍ 10,000 കാറുകള്‍ പ്രതിവര്‍ഷം പുറത്തിറക്കാനാണ് അപ്‌റ്റേരയുടെ പദ്ധതി.
◾പ്രിയപ്പെട്ട ഡെയ്‌സീ … ഇത് എന്റെ സ്വകാര്യ ചിന്താഗതിയാണ്. മറ്റാരും അറിയരുതെന്ന ശഠവിചാരത്തോടെ കൊണ്ടുനടക്കുന്ന എനിക്ക് കുറെ രഹസ്യങ്ങള്‍ പങ്കുവയ്ക്കാന്‍ തോന്നുന്നു. മേല്‍വിലാസക്കാരനെ കാണാതെ അയച്ചയാളില്‍തന്നെ തിരിച്ചെത്തുന്ന ഡെഡ് ലെറ്റേഴ്സ് ആയിത്തീരില്ല എന്ന വിശ്വാസത്തോടെ ഞാനതെല്ലാം നിനക്കെഴുതാന്‍ തുടങ്ങുകയാണ്… ഉള്ളില്‍ അടക്കിവച്ചിരുന്ന രഹസ്യങ്ങളുടെ കയ്പ്പുകളെ കത്തുകളിലൂടെ വെളിപ്പെടുത്തി മധുരമാക്കുന്ന എഴുത്ത്. ‘കള്ളപ്പാട്ട’. ഷെമി. ഡിസി ബുക്സ്. വില 152 രൂപ.
◾അള്‍ട്രാപ്രോസസ്ഡ് റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കള്‍ അമിതമായി ഉപയോഗിച്ചാല്‍ കാന്‍സറിനു സാധ്യത കൂടുന്നുവെന്ന് യുകെയിലെ ഇംപീരിയല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനം. നിറത്തിനും രുചിക്കും വേണ്ടി ചേര്‍ക്കുന്ന ചില രാസവസ്തുക്കളാണ് അപകടമുണ്ടാക്കുന്നത്. ഇത്തരം അള്‍ട്രാപ്രോസസ്ഡ് ഫുഡിന്റെ ഉപയോഗം പത്തു ശതമാനം വര്‍ധിക്കുന്നത് കാന്‍സറിനുള്ള സാധ്യത 2 ശതമാനവും അണ്ഡാശയ അര്‍ബുദസാധ്യത 19 ശതമാനവും വര്‍ധിപ്പിക്കും എന്നും പഠനം പറയുന്നു. ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം ഓരോ പത്തു ശതമാനം കൂടുമ്പോഴും മൊത്തത്തിലുള്ള കാന്‍സര്‍ മരണനിരക്ക് 6 ശതമാനവും സ്തനാര്‍ബുദ സാധ്യത 16 ശതമാനവും അണ്ഡാശയ അര്‍ബുദ സാധ്യത 30 ശതമാനവും കൂടുന്നു. പരിധി വിട്ട് ഇവ ഉപയോഗിക്കുന്നത് മുതിര്‍ന്നവരില്‍ പൊണ്ണത്തടിക്കും ൈടപ്പ് 2 പ്രമേഹത്തിനും കാരണമാകുന്നെന്നും കുട്ടികളുടെ ശരീരഭാരം കൂട്ടുമെന്നും പഠനറിപ്പോര്‍ട്ടിലുണ്ട്. സംസ്‌കരിച്ച ഭക്ഷ്യ വസ്തുക്കള്‍ ഏറെക്കാലം കേടുകൂടാതിരിക്കാന്‍ അവയില്‍ കൃത്രിമനിറങ്ങള്‍, രുചികള്‍, ഫുഡ് അഡിറ്റീവുകള്‍ എല്ലാം ചേര്‍ക്കുന്നുണ്ട്. ഇതാണ് ആരോഗ്യത്തെ നശിപ്പിക്കുന്നത് ഗവേഷകര്‍ പറയുന്നു. അള്‍ട്രാപ്രോസസ്ഡ് ഭക്ഷണങ്ങളുെട ഉപയോഗം നിയന്ത്രിക്കണമെന്ന് ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷനും മുന്‍പ് നിര്‍ദേശിച്ചതാണ്. ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണം പ്രോത്സാഹിപ്പിക്കണമെന്നും ഇവര്‍ നിര്‍ദേശിച്ചതായും പഠനത്തില്‍ പറയുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.23, പൗണ്ട് – 99.13, യൂറോ – 89.04, സ്വിസ് ഫ്രാങ്ക് – 88.80, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.93, ബഹറിന്‍ ദിനാര്‍ – 218.85, കുവൈത്ത് ദിനാര്‍ -270.41, ഒമാനി റിയാല്‍ – 214.28, സൗദി റിയാല്‍ – 21.92, യു.എ.ഇ ദിര്‍ഹം – 22.46, ഖത്തര്‍ റിയാല്‍ – 22.59, കനേഡിയന്‍ ഡോളര്‍ – 61.32
© Copyright - MTV News Kerala 2021
View Comments (0)