കോഴിക്കോട് ജില്ലയിൽ ഇന്ന് (17-02-2023)
ബാലുശ്ശേരി ഗതാഗതക്കുരുക്കിൽ: ബാലുശ്ശേരി ∙ ടൗണിൽ അറപ്പീടിക മുതൽ പൊലീസ് സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നു. രാവിലെയും ഉച്ചയ്ക്കു ശേഷം വൈകിട്ട് വരെയും തുടരുന്ന ഗതാഗത തടസ്സം വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു. സംസ്ഥാനപാത നവീകരിച്ചതോടെ ചരക്കു വാഹനങ്ങളും കൂടുതലായി ഈ റൂട്ടിൽ യാത്ര ചെയ്യുന്നുണ്ട്. ഗതാഗതക്കുരുക്കിനു പരിഹാരമാകേണ്ട ബദൽ മാർഗങ്ങളൊന്നും പ്രാവർത്തികമായിട്ടില്ല. അടിയന്തര ആവശ്യങ്ങൾക്കായി യാത്ര തിരിക്കുന്നവർ ഏറെ നേരം കുരുക്കിൽ അകപ്പെടുന്ന സാഹചര്യമാണുള്ളത്.
വൈദ്യുതി മുടക്കം
നാളെ കോഴിക്കോട് ∙ നാളെ പകൽ 8 മുതൽ 3 വരെ കോവൂർ ചെമ്മലത്തൂരും പരിസരപ്രദേശങ്ങളും. ∙ 8.30 – 5 അത്തോളി കോടശ്ശേരികുന്ന് പരിസരം.
കെപിഎസ്ടിഎ ജില്ലാ സമ്മേളനം
മേപ്പയൂർ∙ എൽപിഎസ്ടിഎ നിയമനങ്ങളിൽ വ്യാപകമായ സ്വജനപക്ഷവും അധികാര ദുർവിനിയോഗവും കോഴിക്കോട് ഡിഡിഇ ഓഫിസ് കേന്ദ്രീകരിച്ചു നടന്നതായി കെപിഎസ്ടിഎ ജില്ലാ സമ്മേളനം. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം അതിശക്തമായ സമരത്തിന് വരും ദിവസങ്ങളിൽ നേതൃത്വം നൽകാൻ തീരുമാനിച്ചു. ജില്ല ഭാരവാഹികളായി ഷാജു പി. കൃഷ്ണൻ (പ്രസി), ടി.കെ.പ്രവീൺ (സെക്ര), ടി.ടി.ബിനു (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
തൊഴിലുറപ്പു പദ്ധതി: മാവൂർ പഞ്ചായത്തിന് പുരസ്കാരം
മാവൂർ ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം മാവൂരിന്. 2021-2022 കാലയളവിലെ പദ്ധതി നിർവഹണത്തിൽ മികവു പുലർത്തിയതാണു പുരസ്കാരത്തിന് അർഹമാക്കിയത്. 1911 കുടുംബങ്ങൾക്ക് 100 തൊഴിൽദിനങ്ങൾ നൽകി. 1,58,219 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും 7,46,96,000 രൂപ തൊഴിലുറപ്പ് മേഖലയിൽ ചെലവഴിക്കുകയും ചെയ്തു. ഗ്രാമീണ റോഡുകളും നടപ്പാതകളും നിർമിക്കാൻ ഒരു കോടിരൂപ ചെലവഴിച്ചു. തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, കൃഷി ഓഫിസ് എന്നിവയുമായി സഹകരിച്ച് തരിശുഭൂമി കൃഷിയോഗ്യമാക്കി നെൽക്കൃഷി ചെയ്തു. തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, അസോള ടാങ്ക്, കിണർ റീ ചാർജ്, ലൈഫ് ഭവന നിർമാണം, 90 തൊഴിൽ ദിനങ്ങൾ എന്നീ പദ്ധതികൾക്ക് വ്യക്തിഗത ആസ്തികൾ സൃഷ്ടിക്കാനും സാധിച്ചു.
ക്യൂരിയസ് കാർണിവലിന് ഇന്ന് തുടക്കം
കോഴിക്കോട് ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ക്യൂരിയസ് കാർണിവലിന് ഇന്ന് തുടക്കം. മെഡിക്കൽ കോളജ് സമീപത്തെ പാലിയേറ്റീവ് മെഡിസിനിൽ 19 വരെ കാർണിവൽ നടക്കും. ആർട്ട്, ലിറ്ററേച്ചർ ഫുഡ്, മ്യൂസിക് തുടങ്ങിയ വിവിധ ഇനം കലാപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പാലിയേറ്റീവ് മെഡിസിനിലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രോഗികളുടെ ചികിത്സാ സഹായത്തിനാണ് കാർണിവൽ എന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ ഡയറക്ടർ ഡോ. അൻവർ ഹുസൈൻ പറഞ്ഞു. വൈകിട്ട് 3 മുതൽ രാത്രി 10 വരെയാണ് കാർണിവൽ.
ഭരണഘടന സംരക്ഷണ സമ്മേളനം
കോഴിക്കോട് ∙ ബീച്ച് ഫ്രീഡം സ്ക്വയറിൽ 19 നു വൈകിട്ട് 5 നു ഭരണഘടന സംരക്ഷണ സമ്മേളനം നടത്തുമെന്നു ഭരണഘടന സംരക്ഷണ സമിതി കൺവീനർ കെ.ടി.കുഞ്ഞിക്കണ്ണൻ പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്യും.
സസ്പെൻഡ് ചെയ്തു
കോഴിക്കോട് ∙ നിയമവിരുദ്ധമായി ബൈക്ക് ഓടിച്ചതിനു 5 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരേ സമയം 3 പേരെ കയറ്റി ബൈക്ക് ഓടിച്ചതിനാണു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 5 പേർക്കെതിരെ നടപടി എടുത്തത്. എൻഫോഴ്സ്മെന്റ് ആർടിഒ കെ.ബിജുമോന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
മിനി വോളിബോൾ ചാംപ്യൻഷിപ്
വടകര ∙ ജില്ല വോളിബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ല മിനി വോളിബോൾ ചാംപ്യൻഷിപ് സോണൽ മത്സരങ്ങൾ 18ന് 9 മുതൽ മേപ്പയിൽ ഐപിഎം വോളിബോൾ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ 14 ടീമുകൾ പങ്കെടുക്കുമെന്ന് കൺവീനർ പി.കെ.വിജയൻ അറിയിച്ചു.
എഫ്സിഐ ഗോഡൗണിൽ സമരം തുടരുന്നു
പയ്യോളി∙ തിക്കോടി എഫ്സിഐ ഗോഡൗണിൽ വർഷങ്ങളായി ലോറി സർവീസ് നടത്തുന്ന ലോറി തൊഴിലാളികളുടെ ജോലി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കോ– ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ഇന്നലെയും ചരക്കു നീക്കം നിലച്ചു. താമരശ്ശേരി, വടകര ഭാഗങ്ങളിലേക്കുള്ള ചരക്കു നീക്കമാണ് രണ്ടു ദിവസമായി നിലച്ചത്. പൊലീസ് എസ്എച്ച്ഒ കെ.സി. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ നടന്ന ചർച്ച. ഫലം കാണാതെ അലസി പിരിഞ്ഞു. ചർച്ചയിൽ കോ– ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ സി.അജിത്ത്. കൺവീനർ കെ.ശ്രീനി വാസൻ, ട്രഷറർ കെ.പി. മോഹനൻ, കെ.എം. രാമ കൃഷ്ണൻ, കെ.ഇ.ശിവ ദാസൻ, എം.പി. അൻസാർ കരാറുകാരുടെ ഭാഗത്ത് നിന്ന് കെ.ഷംസുദ്ദീൻ, എൻ. ഗോപാല കൃഷ്ണൻ എന്നിവരും പങ്കെടുത്തു.
വഴി പ്രശ്നം പരിഹരിച്ച് കുടിവെള്ളം എത്തിക്കണം
ബാലുശ്ശേരി ∙ കാന്തലാട് മലയിലെ കുടുംബങ്ങളുടെ വഴി പ്രശ്നം പരിഹരിച്ച് കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് എൽജെഡി പനങ്ങാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നേതാക്കളായ ദിനേശൻ പനങ്ങാട്, സന്തോഷ് കുറുമ്പൊയിൽ, എ.കെ.രവീന്ദ്രൻ, കെ.വിജയകുമാർ, നൗഫൽ കണ്ണാടിപ്പൊയിൽ എന്നിവർ പ്രദേശത്തെ വീടുകൾ സന്ദർശിച്ചു.
മൃത്യുഞ്ജയ പുരസ്കാര സമർപ്പണം നടത്തി
ചേഞ്ചേരി∙ കാഞ്ഞിലശ്ശേരി ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ മൃത്യുഞ്ജയ പുരസ്കാരം സാഹിത്യകാരൻ സുഭാഷ് ചന്ദ്രന് സാഹിത്യകാരൻ കെ.പി. രാമനുണ്ണി സമർപ്പിച്ചു. ഡോ.എം.ആർ.രാഘവവാര്യർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരി ഇന്ദു മേനോൻ, മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ ജയൻ മേനോൻ, മാതൃഭൂമി അസി.എഡിറ്റർ കെ.വിശ്വനാഥൻ, യു.കെ.രാഘവൻ, രഞ്ജിത്ത് കുനിയിൽ, യു.കെ.രാഘവൻ, ഡോ.കെ.മനോജ് നമ്പൂതരി, ശശി കമ്മട്ടേരി, രാജേഷ് കീഴരിയൂർ എന്നിവർ പ്രസംഗിച്ചു.
അനിൽ കാഞ്ഞിലശ്ശേരി രചിച്ച ഹൊസ്സനഹള്ളിയിലെ വേനൽ മഴ എന്ന കഥാസമാഹാരം സുഭാഷ് ചന്ദ്രൻ, ദേശാഭിമാനി ന്യൂസ് എഡിറ്റർ പി.വി.ജിജോയ്ക്ക് നൽകി പ്രകാശനം ചെയ്തു. വാദ്യപ്രതിഭകളായ ത്രിക്കുറ്റിശ്ശേരി ശിവശങ്കരമരാർ, ശിവദാസ് ചേമഞ്ചേരി, മേള കലാരത്നം സന്തോഷ് കൈലാസ് എന്നിവരെ ആദരിച്ചു.
വാർഷികാഘോഷം നടത്തി
ബാലുശ്ശേരി ∙ കോക്കല്ലൂർ ചവിട്ടൻപാറ കൃഷ്ണ മെമ്മോറിയൽ ക്ലബിന്റെ വാർഷികാഘോഷം നാളെ വൈകിട്ട് നടക്കും. രമേഷ് കാവിൽ ഉദ്ഘാടനം ചെയ്യും.
© Copyright - MTV News Kerala 2021
View Comments (0)